സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം മരവിപ്പിച്ച് ട്രംപ് സര്‍ക്കാര്‍. വിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച് 1 ബി. ഐടി ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎസ് വിടേണ്ടിവരുമെന്ന വലിയ ആശങ്ക ഇതോടെ ഒഴിവായി.
ജോലികളില്‍ നാട്ടുകാര്‍ക്കു മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തില്‍ വീസ പുതുക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, നിയമത്തിലെ ഒരു വകുപ്പു തെറ്റായി വ്യാഖ്യാനിച്ചുള്ളതാണു റിപ്പോര്‍ട്ടെന്നും എച്ച്–1 ബി വീസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഭേദഗതിയൊന്നും പരിഗണിക്കുന്നില്ലെന്നും യുഎസ്സിഐഎസ് വക്താവ് ജൊനാഥന് വിതിങ്ടന്‍ അറിയിച്ചു.
വീസ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനെ വ്യവസായ സംഘടനകളും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും എതിര്‍ത്തിരുന്നു. എന്നാല്‍ സമ്മര്‍ദങ്ങളുടെ അടിസ്ഥാനത്തിലല്ല തീരുമാനമെന്നും നയം മാറ്റം ആലോചിച്ചിട്ടില്ലെന്നുമാണു യുഎസ്സിഐഎസിന്റെ നിലപാട്. മൂന്നുവര്‍ഷത്തെ എച്ച്–1 ബി വീസയില്‍ യുഎസില്‍ ജോലിക്കെത്തുന്നവര്‍ക്കു കാലാവധിക്കു ശേഷം മൂന്നു വര്‍ഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കിട്ടാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല