സ്വന്തം ലേഖകൻ: അമേരിക്ക നല്കുന്ന എച്ച് വണ്‍ ബി വീസ ഉള്ളവര്‍ക്ക് രാജ്യത്ത് തൊഴില്‍ നല്കാന് കാനഡ. 10,000 പേര്‍ക്ക് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റില്‍ രാജ്യത്ത് ജോലി ചെയ്യാന്‍ അവസരമൊരുക്കുമെന്ന് കാനഡ അറിയിച്ചു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തേക്ക് കാനഡയില്‍ ജോലിചെയ്യാം.
കാനഡയില്‍ എവിടെയും ഏത് തൊഴിലുടമയ്ക്ക് കീഴിലും ജോലി ചെയ്യാവുന്നതാണ്. അവരുടെ ഭാര്യക്കോ/ ഭര്‍ത്താവിനോ കുടുംബംഗങ്ങള്ക്കോ താത്കാലിക റസിഡന്റ് വീസ നല്‍കും. ഇത് ഉപയോഗിച്ച് അവര്‍ക്കും ജോലിയോ പഠനമോ ചെയ്യാനാകും. കാനഡ കുടിയേറ്റ വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ പുതിയൊരു കുടിയേറ്റ നിയമം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ലോകത്തെ കഴിവുറ്റ തൊഴിലാളികള്‍ക്ക് കാനഡയിലെത്തി അവിടുത്തെ ടെക് കമ്പനികളില്‍ ചേരാന്‍ അവസരമൊരുക്കുന്നതായിരിക്കും ഈ മാറ്റം. എത്ര പേരെ അനുവദിക്കുമെന്നോ ആര്‍ക്കൊക്കെയാണ് യോഗ്യതയെന്നോ മന്ത്രി വിശദീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല