സ്വന്തം ലേഖകൻ: എച്ച്- 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം ജോ ബൈഡന്‍ ഭരണകൂടം പിന്‍വലിച്ചത് ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമാകും. എച്ച്-1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (പങ്കാളിയും 21 വയസ്സിന് താഴെ പ്രായമുള്ള മക്കളും) യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്നതാണ് എച്ച്-4 വിസ. ഇന്ത്യന്‍ ഐടി പ്രഫഷണലുകളാണ് ഇതില്‍ ഭൂരിഭാഗവും.
വിദഗ്ധതൊഴിലാളികള്‍ക്ക് ആറുവര്‍ഷം യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്നതാണ് എച്ച് 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും യുഎസ് കമ്പനികള്‍ പതിനായിരകണക്കിന് തൊഴിലാളികളെ ഇത്തരത്തില്‍ നിയമിക്കാറുണ്ട്. യുഎസില്‍ തൊഴില്‍ ചെയ്യാനൊരുങ്ങി നിയമപരമായ സ്ഥിര താമസ പദവി തേടുന്നവര്‍ക്കാണ് സാധാരണയായി എച്ച് 4 വിസ നല്‍കുന്നത്.
ഒബാമ ഭരണ കാലത്ത് എച്ച് 1 ബി വിസയിലുള്ള പ്രൊഫഷണലുകളുടെ പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നു. അനേകം ഇന്ത്യക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിച്ചിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം അധികാരമേറ്റയുടന്‍ ഈ നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നാലു വര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ നീക്കം പിന്‍വലിക്കുമെന്ന് ബൈഡന്‍ പ്രചരണ വേളയില്‍ തന്നെ ഉറപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല