സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസയില്‍ യുഎസില്‍ എത്തുന്ന ഇന്ത്യന്‍ ഐടി ജീവനക്കാരെ അനധികൃത സാമ്പത്തിക കുടിയേറ്റക്കാരായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ. അതിനാല്‍ വിസ നയങ്ങളില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ യുക്തിസഹമായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി യുഎസില്‍ പറഞ്ഞു. രാജ്യാന്തര നാണ്യനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
അനധികൃതമായി വരുന്നവരെപ്പറ്റിയാണ് യുഎസിന്റെ ആശങ്ക. എന്നാല്‍ ഇന്ത്യക്കാരെല്ലാം നിയമത്തിനു വിധേയമായാണ് അവിടെയെത്തുന്നത്. അതിനാല്‍ത്തന്നെ വീസ നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ അത്തരക്കാരുടെ കാര്യം പ്രത്യേകം പരിഗണിക്കണം. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിന്‍, കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ് എന്നിവരുമായുളള ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്നും ജയ്റ്റ്‌ലി പറഞ്ഞു.
യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്കു വന്‍തോതില്‍ സംഭാവന നല്‍കുന്നവരാണ് എച്ച് 1ബി വീസയിലെത്തുന്ന ഇന്ത്യക്കാര്‍. മികച്ച പരിശീലനം ലഭിച്ച പ്രഫഷണലുകളാണവര്‍. യുഎസിലേക്കെത്തുന്ന ഐടി ജീവനക്കാരോടുള്ള സമീപനത്തില്‍ വ്യത്യാസം വേണം. ഇതു സംബന്ധിച്ച് തങ്ങളുടെ ആശങ്ക യുഎസിനെ അറിയിച്ചതായും ജയറ്റ്‌ലി പറഞ്ഞു. ഇന്ത്യന്‍ ഐടി കമ്പനികള്‍ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ജീവനക്കാരെ നിയോഗിക്കാന്‍ എച്ച് 1 ബി വിസയെയാണ് ആശ്രയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല