സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും. എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നതിനുള്ള അവസരംകൂടി ഇല്ലാതാക്കുന്ന വിധത്തില്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് യു.എസിന്റെ നീക്കം. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക.
എച്ച് 1 ബി വിസയില്‍ ജോലിക്കെത്തുന്നവരുടെ പങ്കാളികള്‍ക്ക് പ്രത്യേക ഉത്തരവ് പ്രകാരം യു.എസില്‍ ജോലി ചെയ്യാനുള്ള വ്യവസഥ നിലവിലുണ്ട്. ഇതില്‍ മാറ്റം വരുത്താനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. എച്ച് 1 ബി വിസയിലെത്തുന്ന നിരവധി ഇന്ത്യക്കാരാണ് യു.എസിലെത്തിയതിന് ശേഷം പങ്കാളികള്‍ക്ക് വിവിധ കമ്പനികളില്‍ ജോലി തരപ്പെടുത്തുന്നത്.
എച്ച് 1 ബി വിസ നിയമത്തില്‍ തല്‍ക്കാലം മാറ്റം വരുത്തില്ലെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തിരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. അതിനിടെയാണ് ടെക്കികള്‍ക്ക് തിരിച്ചടിയായേക്കാവുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒബാമ ഭരണകൂടം 2015ല്‍ ആണു ജീവിതപങ്കാളികള്‍ക്കു കൂടി യുഎസില്‍ തൊഴിലവസരം നല്‍കാന്‍ തീരുമാനിച്ചത്.
ഇത് അപ്പാടേ നിര്‍ത്തലാക്കാനാണ് ഇപ്പോഴത്തെ നീക്കം. ജൂണിലോ, അതു കഴിഞ്ഞോ ഉത്തരവിറങ്ങുമെന്നാണു കരുതുന്നത്. 71,287 പേര്‍ക്കാണു നിയമപരമായി ജോലി ചെയ്യാനുള്ള അവസരം ഇതോടെ ഇല്ലാതാകുക. ഇതില്‍ 93% ഇന്ത്യക്കാരും നാലു ശതമാനം ചൈനക്കാരുമാണ്. ആകെയുള്ളതില്‍ 94 ശതമാനവും വനിതകളാണ്. യുഎസ്‌സിഐഎസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന യുഎസ് സെനറ്റ് അംഗമായ ചക് ഗ്രസ്‌ലിക്കു നല്‍കിയ വിശദീകരണത്തിലാണു പുതിയ നടപടികള്‍ സംബന്ധിച്ച സൂചനയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല