സ്വന്തം ലേഖകന്‍: എച്ച്1 ബി വീസയ്ക്കുള്ള അപേക്ഷ ഈ വര്‍ഷം ഏപ്രില്‍ മൂന്നു മുതല്‍ സ്വീകരിക്കുമെന്ന് യുഎസ് അധികൃതര്‍. 85,000വീസയ്ക്കാണ് അനുമതിയുള്ളത്. ജനറല്‍ കാറ്റഗറിയില്‍ 65,000പേര്‍ക്കാണ് വീസ അനുവദിക്കുക. യുഎസ് അക്കാഡമിക് സ്ഥാപനങ്ങളില്‍നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രിയോ അതിലും ഉയര്‍ന്ന യോഗ്യതയോ നേടിയ വിദേശ വിദ്യാര്‍ഥികള്‍ക്കായി 20,000 വീസ നീക്കിവച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന 2018 സാന്പത്തിക വര്‍ഷത്തേക്കുള്ള എച്ച് 1ബി വീസകള്‍ക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
വിസ പദ്ധതിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് നടപടി. നേരേത്ത ഏപ്രില്‍ മൂന്നു മുതല്‍ ആറു മാസത്തേക്ക് താത്കാലികമായി പ്രീമിയം വിസ നടപടികള്‍ നിര്‍ത്തിവെച്ചതായി യു.എസ്.സി.ഐ.എസ് അറിയിച്ചിരുന്നു. ഇത് ഇന്ത്യന്‍ ഐ.ടി. മേഖലക്കും അമേരിക്കയില്‍ ഉയര്‍ന്ന തൊഴില്‍ തേടുന്നവര്‍ക്കും കനത്ത തിരിച്ചടിയാകുകയും ചെയ്തു.
എന്നു വരെയാണ് വിസ അപേക്ഷ സ്വീകരിക്കുകയെന്ന് യു.എസ്. സിറ്റിസണ്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വിസ്(യു.എസ്.സി.ഐ.എസ്) അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സാധാരണയായി അഞ്ചു ദിവസത്തേക്കാണ് അപേക്ഷ സ്വീകരിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിബന്ധന അനുസരിച്ച് സ്വീകരിക്കാവുന്ന 85,000 എച്ച്1 ബി. വിസ ഹരജികള്‍ വകുപ്പിന് ലഭിച്ചിരുന്നു. ഉയര്‍ന്ന തൊഴിലുകളില്‍ വിദേശികളെ താല്‍കാലികമായി നിയമിക്കാന്‍ അനുമതി നല്‍കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്1 ബി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല