സ്വന്തം ലേഖകന്‍: എച്ച്1ബി വീസ പരിഷ്‌കാരം; ഗുണം ലഭിക്കുക ഉന്നത യുഎസ് ബിരുദമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളക്കാര്‍ക്കും. യുഎസില്‍ നിന്നു മാസ്റ്റേഴ്‌സ് ബിരുദം എടുത്തവര്‍ക്കു മുന്‍തൂക്കം കിട്ടുന്ന വിധം എച്ച്1ബി വീസ നടപടിക്രമങ്ങള്‍ക്കു പ്രാഥമികരൂപമായി. ഇതു സംബന്ധിച്ച് ജനുവരി 3 വരെ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. അതിനു ശേഷമേ പുതിയ നടപടിക്രമം നിലവില്‍ വരൂ.
യുഎസില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദമോ അതിലും ഉയര്‍ന്ന യോഗ്യതയോ നേടിയിട്ടുള്ള 20,000 പേരെ പ്രത്യേകമായി ആദ്യം തിരഞ്ഞെടുക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. ഗ്രാജുവേറ്റ്, അണ്ടര്‍ഗ്രാജുവേറ്റ് യോഗ്യതയുള്ളവര്‍ക്കും കൂടി അപേക്ഷിക്കാവുന്ന ജനറല്‍ വിഭാഗത്തില്‍ 65,000 എച്ച്1ബി വീസ എന്ന പരിധിയില്‍ പെടുത്തി ബാക്കിയുള്ളവരെ പിന്നീടും തെരഞ്ഞെടുക്കുകയായിരുന്നു പതിവ്.
ആദ്യത്തേതില്‍ വീസ കിട്ടാതെ വരുന്ന ഉന്നതബിരുദക്കാര്‍ രണ്ടാമത്തേതില്‍ ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നു ചെയ്തു വന്നിരുന്നത്. ഇതിനു പകരം എല്ലാ ഉദ്യോഗാര്‍ഥികളെയും ഇനി ഒന്നിച്ചു പരിഗണിക്കും. ഇങ്ങനെ ചെയ്യുന്നതു വഴി യുഎസ് മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ കൂടുതലായി 65,000 എന്ന പരിധിയില്‍ ഉള്‍പ്പെട്ട് തന്നെ ആദ്യം തിരഞ്ഞെടുക്കപ്പെടും.
ഉന്നത യുഎസ് ബിരുദമുള്ള 5000 പേരെങ്കിലും ഇങ്ങനെ അധികമായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്. എന്നാല്‍ യുഎസിനു പുറത്ത് ഉന്നത ബിരുദമെടുത്തിട്ടുള്ളവരുടെ സാധ്യത കുറയ്ക്കുന്നതാണ് പരിഷ്‌കാരം.
തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പു തന്നെ ഓരോ ഉദ്യോഗാര്‍ഥിയുടെയും സമ്പൂര്‍ണ അപേക്ഷ യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ (യുഎസ്‌സിഐഎസ്) കമ്പനികള്‍ മുന്‍കൂട്ടി സമര്‍പ്പിക്കുന്നതിനു പകരം ഇനി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യലാണ് ആദ്യപടി. ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ തുടര്‍നടപടികളുമായി കമ്പനികള്‍ മുന്നോട്ട് പോകേണ്ടതുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല