സ്വന്തം ലേഖകന്‍: എച്ച് 1 ബി വീസക്കാര്‍ക്ക് ഇരുട്ടടിയുമായി യുഎസ് സര്‍ക്കാര്‍; ഇനി നാട്ടിലേക്കുള്ള മടക്കം ഇമിഗ്രേഷന്‍ കോടതിയുടെ കനിവില്‍ മാത്രം. ഇനി മുതല്‍ വീസ നീട്ടിക്കിട്ടാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാല്‍ ഇമിഗ്രേഷന്‍ കോടതിയുടെ അനുവാദത്തോടെ മാത്രമേ നാട്ടിലേക്ക് മടങ്ങാനാവൂ. കുറ്റവാളികളെ ജന്മനാട്ടിലേക്കു മടക്കി അയയ്ക്കുന്ന അതേ നടപടിക്രമമാണ് ഇവര്‍ക്കും ഇനി ബാധകമാവുക. നേരത്തെ അപേക്ഷ നിരസിക്കപ്പെടുന്നവര്‍ക്ക് ഉടനടി നാട്ടിലേക്ക് തിരിച്ചുപോരാമായിരുന്നു.
സ്റ്റാറ്റസ് മാറ്റിക്കിട്ടുന്നതിനുള്ള അപേക്ഷ (പൗരത്വം കിട്ടാനുള്ള അവസാന നടപടിക്രമം) നിരസിക്കപ്പെട്ടാലും ഫോം1– 94 ല്‍ പറയുംവിധം യുഎസില്‍ താമസിക്കാനുള്ള കാലാവധി തീര്‍ന്നാലും ഇതേ നടപടിക്കു വിധേയരാകേണ്ടിവരും. അപേക്ഷ നിരസിക്കപ്പെടുന്നതോടെ ഇവര്‍ യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്നതായി കണക്കാക്കപ്പെടും.
കോടതിയില്‍ ഹാജരാകാന്‍ യുഎസ്‌സിഐഎസ് നോട്ടിസ് അയയ്ക്കുന്നതോടെ നിയമനടപടിക്കു തുടക്കമാകും.
കേസ് തീര്‍പ്പാകുന്നതുവരെ വരുമാനമില്ലാതെ മാസങ്ങളോളം യുഎസില്‍ കുടുങ്ങുമെന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാകുക. മേയ് 31 വരെയുള്ള കണക്കുപ്രകാരം ഇമിഗ്രേഷന്‍ കോടതിയില്‍ ഏഴു ലക്ഷത്തില്‍പരം കേസുകളാണ് കെട്ടിക്കിടക്കുന്നത്. അതിനാല്‍ പുതിയ കേസില്‍ ആദ്യവാദം കേള്‍ക്കാന്‍ തന്നെ മാസങ്ങളെടുക്കും. കോടതിയില്‍ ഹാജരാകാതിരുന്നാല്‍ യുഎസില്‍ പിന്നീട് പ്രവേശിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്കു വിലക്കു വരും.
അപേക്ഷ നിരസിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞാണ് യുഎസില്‍ നിന്നു സ്വയം പോകാന്‍ കോടതിയുടെ അനുമതി ലഭിക്കുന്നതെങ്കില്‍ 10 വര്‍ഷത്തെ വിലക്കും വരും. വീസ നീട്ടിക്കിട്ടാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാല്‍ ഇന്ത്യയിലേക്കു മടങ്ങുകയും അതിനിടെ ജോലി ചെയ്യുന്ന കമ്പനി പുതുതായി അപേക്ഷ നല്‍കി എച്ച്–1ബി വീസ സമ്പാദിക്കുകയുമായിരുന്നു ഇതുവരെ പ്രവാസികളുടെ പതിവ്. അനധികൃതമായി ജോലി ചെയ്യുക, കോഴ്‌സിനു ചേരാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ഇതേ നടപടി നേരിടേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല