സ്വന്തം ലേഖകൻ: എച്ച് 1 ബി വീസയുള്ള യോഗ്യരായ അപേക്ഷകർക്ക് യുഎസിൽ തന്നെ അതു പുതുക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ പുനഃപരിശോധനാ റിപ്പോർട്ട് വൈറ്റ്ഹൗസ് ഉന്നത സമിതി അംഗീകരിച്ചു. ഇന്ത്യക്കാരുൾപ്പെടെയുള്ള ഐടി പ്രഫഷനലുകൾക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണിത്.
മറ്റു രാജ്യത്തു പോകാതെ എച്ച് 1 ബി വീസ പുതുക്കുന്നതിനുള്ള പദ്ധതിയിൽ 20,000 പേർക്കാണ് തുടക്കത്തിൽ പ്രയോജനം ലഭിക്കുക. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചപ്പോൾ സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.
വിദേശികൾക്ക് ഹ്രസ്വകാലത്തേക്ക് യുഎസ് കമ്പനികളിൽ ജോലി ചെയ്യാനനുവദിക്കുന്ന വീസയാണ് എച്ച്-1ബി. കാലാവധി കഴിയുമ്പോൾ ഇതുപുതുക്കാൻ സ്വദേശത്തേക്കു മടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പുതിയ സമ്പ്രദായം വരുന്നതോടെ ഇതൊഴിവാകും.
20,000 പേരുടെ എച്ച്-1ബി വീസയാണ് യുഎസിൽതന്നെ പുതുക്കുകയെന്നും ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് സ്റ്റേറ്റ് ഫോർ വീസ സർവീസസിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജൂലീ സ്റ്റഫ്റ്റ് പറഞ്ഞു. നിപുണരായ ജോലിക്കാരിലേറെയും ഇന്ത്യക്കാരാണെന്നതാണ് ഇതിനു കാരണമെന്നും സ്റ്റഫ്റ്റ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല