സ്വന്തം ലേഖകന്‍: എച്ച്1 ബി വിസയുടെ കാര്യത്തില്‍ ട്രംപ് നിലപാടു കടുപ്പിച്ചാല്‍ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ മെക്‌സിക്കോ തയ്യാറെന്ന് മെക്‌സിക്കന്‍ അംബാസഡര്‍ മെല്‍ബാ പ്രിയ. കുടിയേറ്റ വിഷയത്തില്‍ അമേരിക്ക നിലപാട് ശക്തമാക്കുന്ന പക്ഷം കൂടുതല്‍ മെക്‌സിക്കന്‍ കമ്പനികള്‍ ഇന്ത്യയിലെ തൊഴില്‍ ശക്തിയിലേക്ക് ശ്രദ്ധ തിരിക്കുമെന്നും മെല്‍ബാ പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസിഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്ക ഏറ്റവുമധികം ഉന്നയിക്കുന്ന കുടിയേറ്റ പ്രശ്‌നത്തെ കൃത്രിമമായി പരിഹരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ മെല്‍ബാ അമേരിക്കമെക്‌സിക്കോ അതിര്‍ത്തിയില്‍ പ്രതിരോധ ഭിത്തി തീര്‍ക്കാനുള്ള ട്രംപിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുമായി പങ്കുവക്കുന്ന അതിര്‍ത്തി തിരക്കു പിടിച്ചതും സമ്പന്നമായതും സജീവവുമാണ്. അവിടെ പരസ്പരാശ്രയത്വവും സഹവര്‍ത്തിത്തവും വികസന പങ്കാളിത്തവുമാണ് ആവശ്യം. ചില പ്രത്യേക ഇടങ്ങളെ സുരക്ഷിതമാക്കുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികതയും ഉപയോഗിച്ചുള്ള അയല്‍ക്കാര്‍ തമ്മിലുള്ള ബന്ധം ആരോഗ്യകരമാക്കുന്ന ഒരു പാലമാണ് തങ്ങളുടെ ലക്ഷ്യമെന്നും അംബാസഡര്‍ വ്യക്തമാക്കി.
കുടിയേറ്റക്കാര്‍ വിവിധ രീതിയിലാണ് മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് ഒഴുകുന്നത്. അമേരിക്കയുടെ അഭിവൃദ്ധിയില്‍ അവരുടേതായ സംഭാവനകളുമുണ്ട്. അമേരിക്കന്‍ ആഭ്യന്തരോല്‍പ്പാദനത്തില്‍ 8 ശതമാനം പ്രതിനിധീകരിക്കുന്നത് മെക്‌സിക്കന്‍ കുടിയേറ്റക്കാരാണ്. 570,000 മെക്‌സിക്കന്‍ ബിസിനസ്സുകാര്‍ ഉള്ള അമേരിക്കയില്‍ ഇവര്‍ സൃഷ്ടിക്കുന്ന തൊഴിലവസരത്തിലൂടെ കിട്ടുന്ന വരുമാനം 17 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകള്‍. ഇവരില്‍ അഞ്ചു ലക്ഷത്തോളം മെക്‌സിക്കന്‍ കുടിയേറ്റക്കാരും നന്നായി പണിയറിയാവുന്ന തൊഴിലാളികളോ പഠിക്കുന്നവരോ ഡോക്ടറോ എഞ്ചിനീയറോ മറ്റു പ്രൊഫഷണലുകളോ ആണ്. ടിസിഎസ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ 10 സുപ്രധാന കമ്പനികളുടെ സാന്നിധ്യമുള്ള ഗ്വാഡലജാര ഉടന്‍ തന്നെ ടെക്‌നോളജി ഹബ്ബായി മാറുമെന്നും ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കാന്‍ സഹായിക്കുമെന്നും മെല്‍ബ പറയുന്നു.
ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ആശ്രയിക്കുന്ന എച്ച്1ബി വര്‍ക്ക് വിസയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം പരിമിതിപ്പെടുത്താനുള്ള നീക്കമാണ് ട്രംപ് നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവിലും ട്രംപ് ഉടന്‍ ഒപ്പുവയ്ക്കും. അമേരിക്കയിലെ തൊഴില്‍ ദാതാക്കള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന യോഗ്യതയുള്ള ജീവനക്കാരെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് എച്ച്1ബി വിസ പദ്ധതി. എന്നാല്‍ അമേരിക്കക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എച്ച്1ബി വിസാ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ട്രംപിന്റെ വാഗ്ദാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല