സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ധാരാളം വെള്ളം കുടിക്കണം; ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അന്തരീക്ഷ താപനില വലിയ നിലയിൽ ഉയരുന്നതായി ഉന്നതതല യോഗം വിലയിരുത്തി. അതിനാൽ, നേരിട്ടുള്ള വെയിൽ ഏൽക്കരുത് എന്നും കുട്ടികളെ വെയിലത്തു പുറത്തു വിടരുത് എന്നും മുന്നറിയിപ്പുണ്ട്. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകും. വേനൽച്ചൂടിനൊപ്പം പകർച്ചവ്യാധികളും പടരുന്നതിനാൽ മറ്റു രോഗങ്ങൾ ഉള്ളവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷ കാലത്തേക്ക് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചു ആരോഗ്യവകുപ്പ് പദ്ധതികൾ നടപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ രാജ്യത്ത് എച്ച് 3 എന്‍2 ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രം. രോഗാവസ്ഥയും മരണനിരക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം (ഐഡിഎസ്പി) ശൃംഖല വഴി സ്ഥിതി നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കുട്ടികള്‍, പ്രായമായവര്‍, സമാനരോഗങ്ങളുള്ള ആളുകള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. എച്ച് 3 എന്‍ 2 ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് കര്‍ണാടകയിലും ഹരിയാനയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയാണ് സീസണല്‍ ഇന്‍ഫ്‌ലുവന്‍സ. സാധാരണയായി ഇന്ത്യയില്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ കാണപ്പെടുന്നത് ജനുവരിക്കും മാര്‍ച്ചിനും ഇടയിലും മറ്റൊന്ന് മണ്‍സൂണിന് ശേഷമുള്ള സീസണിലുമാണ്.
സീസണല്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് ഉണ്ടാകുന്ന കേസുകള്‍ മാര്‍ച്ച് അവസാനത്തോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നയായും ഈ പൊതുജനാരോഗ്യ വെല്ലുവിളിയെ നേരിടാന്‍ പൂര്‍ണ്ണമായും സജ്ജരാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല