സ്വന്തം ലേഖകൻ: യുഎഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന് 150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചു. ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ സമ്മേളനത്തിലാണ് കരാർ ഒപ്പിട്ടത്. പ്രാദേശിക, രാജ്യാന്തര ബാങ്കുകൾ ചേർന്നാണ് തുക നൽകുക.
പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഹഫീത് റെയിലിനായി ഇരുരാജ്യങ്ങളും സംയുക്തമായി 250 കോടി ഡോളർ കണ്ടെത്തും. ഇതിൽ ആദ്യഘട്ടമെന്ന നിലയിലാണ് 150 കോടിയുടെ സഹായത്തിന് കരാറായത്. 238 കി.മീ. ഹഫീത് റെയിൽ ശൃംഖലയിൽ 60 പാലങ്ങൾ, 2.5 കി.മീ തുരങ്കങ്ങൾ എന്നിവ ഉൾപ്പെടും. ചരക്ക് ട്രെയിനിൽ 15,000 ടണ്ണിലധികം കൊണ്ടുപോകാം. ഇരുമ്പ്, ഉരുക്ക്, കൃഷി, ഭക്ഷണം, ചില്ലറ വിൽപന, ഇ-കൊമേഴ്സ്, പെട്രോകെമിക്കൽസ് തുടങ്ങിയ മേഖലകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
മണിക്കൂറിൽ 200 കി.മീ വേഗത്തിലുള്ള യാത്രാ ട്രെയിനിൽ 400 യാത്രക്കാരെ ഉൾക്കൊള്ളും. അൽഐനിൽനിന്ന് സോഹാറിലെത്താൻ 47 മിനിറ്റും അബുദാബിയിൽനിന്നു സോഹാറിലെത്താൻ 100 മിനിറ്റും മതി.
ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും സംയുക്ത സംരംഭമായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനിക്കാണ് നിർമാണ ചുമതല. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായ, വിനോദസഞ്ചാരവും ശക്തിപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല