സ്വന്തം ലേഖകന്‍: മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പാക് സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ മോചിപ്പിക്കുമെന്ന് ലാഹോര്‍ ഹൈക്കോടതി. ജമ അത്തുദ്ദ അവ തലവനായ ഹാഫിസ് ജനുവരി 31 മുതല്‍ വീട്ടുതടങ്കലിലാണ്. മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു പൗരനെ തടങ്കലില്‍ വയ്ക്കാനാകില്ല. സര്‍ക്കാരിന്റെ പ്രവൃത്തികള്‍ കണ്ടാല്‍ പരാതിക്കാരനെതിരെ തെളിവില്ലെന്നതു വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
തെളിവു ഹാജരാക്കിയില്ലെങ്കില്‍ അയാളെ വെറുതെ വിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. അതേസമയം, ഹാഫീസ് സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്‌ലിം ലീഗിന് (എംഎംഎല്‍) തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയില്ല. ഭീകര സംഘടനയുമായി നിര്‍ദിഷ്ട രാഷ്ട്രീയ പാര്‍ട്ടിക്കു ബന്ധമുണ്ടെന്ന പാക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം അംഗീകരിച്ചാണു തീരുമാനം. 2014 ജൂണിലാണ് ജമ അത്തുദ്ദ അവയെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചത്.
ഹാഫീസ് സയീദിനെ കിട്ടാന്‍ ഒരു കോടി ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പാക്ക് ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജമ അത്തുദ്ദ അവ നിരോധിച്ച സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടിക്കായി ഹാഫിസ് സയീദ് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. രാജ്യത്തെ ഭീകരവിരുദ്ധ കുറ്റം ചുമത്തിയാണ് ഹാഫീസിനേയും കൂട്ടാളികളെയും തടവിലിട്ടത്. ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല