സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കാണുന്നു, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദ് സമൂഹത്തിന് ഭീഷണിയെന്ന് പാക് സര്‍ക്കാര്‍, സയീദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജമായത്ത് ഉദാവ നേതാവ് ഹഫീസ് സെയ്ദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ പഞ്ചാബ് സര്‍ക്കാര്‍ റദ്ദാക്കിയത്. സയീദിന് അനുവദിച്ചിരുന്ന 44 ആയുധ ലൈസന്‍സുകളാണ് ഒറ്റയടിക്ക് റദ്ദാക്കിയിരിക്കുന്നത്.
സയീദിനും ഇയാളുടെ ഭീകര സംഘടനകളായ ജമായത്ത് ഉദാവ, ഫല്‍ഹ ഇ ഇന്‍സാന്യത് എന്നീ സംഘടനകള്‍ക്കുമെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആയുധ ലൈസന്‍സ് റദ്ദാക്കിയതെന്ന് പഞ്ചാബ് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണു സയീദിനെ അറസ്റ്റു ചെയ്തു വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്നും പാക്ക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കിയതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹഫീസ് സെയ്ദിന്റെ നേതൃത്വത്തിലുള്ള രണ്ട് സംഘടനകളും രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി പഞ്ചാബ് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയിലെ സമാധാന ധാരണയ്ക്ക് വിരുദ്ധമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നും പഞ്ചാബ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കുട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സയീദിനെ പാക്കിസ്ഥാന്‍ ഭീകരവിരുദ്ധ ചട്ടത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാക്ക് സര്‍ക്കാരിന്റെ ഈ നടപടിയെ പിന്തുണച്ചും അഭിനന്ദിച്ചും ഇന്ത്യ രംഗത്തെത്തുകയും ചെയ്തു. മേഖലയില്‍നിന്നും ഭീകരവാദവും അക്രമവും അമര്‍ച്ച ചെയ്യുന്നതിനുള്ള നീക്കമെന്നാണ് ഇക്കാര്യത്തില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പാക്ക് നടപടിയെ വിശേഷിപ്പിച്ചത്.
ഹഫീസ് സെയ്ദ് രാജ്യത്തിന് ഭീഷണിയാണെന്ന് പാകിസ്താന്‍ ദേശീയ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ആയുധ ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ടുള്ള പഞ്ചാബ് സര്‍ക്കാരിന്റെ നടപടി. ജനുവരി 30ന് ഹഫീസ് സെയ്ദിനെയും സംഘടനയിലെ നാല് അംഗങ്ങളെയും പാകിസ്താന്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്താനില്‍ 100 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമാണ് സയീദിനെതിരെ ശക്തമായ നടപടി എടുക്കാന്‍ പാകിസ്താനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല