സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ പാക്കിസ്താന്‍ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സയീദിന്റെ ഭാവി നിക്കങ്ങള്‍ക്കും മാധ്യമങ്ങളുമായുള്ള തുറന്ന സംവാദത്തിനും പാക് സര്‍ക്കാരിന്റെ ഈ നീക്കം കനത്ത തിരിച്ചടിയാകും. തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാമത്തെ പട്ടികയിലാണ് ഹാഫിസ് സായിദിന്റെ ഖ്വാസി കാഷിഫിന്റെയും പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അബ്ദുള്ള ഉബൈദ്, സഫര്‍ ഇഖ്ബാല്‍, അബ്ദുര്‍ റഹ്മാന്‍ എന്നീ തീവ്രവാദികളും ഭീകര വിരുദ്ധ നിയമ പട്ടികയിലുണ്ട്. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനില്‍ ഹാഫിസ് സയീദ് വീട്ടുതടങ്കലില്‍ ആയിരുന്നെങ്കിലും 2009 ല്‍ ഇയാളെ വെറുതെ വിടുകയായിരുന്നു. നേരത്തെ ജമാഅത്തുദ് ദവ എന്ന സംഘടനയുടെ തലവനായിരുന്ന ഹാഫിസ് സയീദ് സംഘടനയുടെ പേര് തെഹ്‌രീക് ആസാദി ജമ്മു ആന്റ് കാശ്മീര്‍ എന്നാക്കി മാറ്റി പ്രവര്‍ത്തനം ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മുംബൈ ഭീകരാക്രമനത്തിന്റെ പ്രധാന സൂത്രധാരന്‍ എന്നറിയപ്പെടുന്ന ഹഫീസ് സയീദിന്റെ നേതൃത്വത്തിലാണ് ലഷ്‌കറെ തൊയ്ബയുടെ ഭാഗമായ ജമാഅത്തുദ് ദവ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഹഫിസ് സയീദിനെയും സംഘത്തെയും പാക്കിസ്താന്‍ സര്‍ക്കാര്‍ വീട്ടു തടങ്കലില്‍ ആക്കിയതിനു ശേഷമാണ് തെഹ്‌രീക് ആസാദി ജമ്മു ആന്റ് കാശ്മീര്‍ എന്ന പേര് മാറ്റി സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കിയത്.
യു.എന്‍ രക്ഷാസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രാലയം സയീദിനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. യു.എസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനെ തുടര്‍ന്നാണ് ജെയുഡിക്കെതിരായ നടപടി പാക് സര്‍ക്കാര്‍ ശക്തമാക്കിയത്. ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിതെന്ന് സൂചനയുണ്ട്.
അതേസമയം, ഇന്ത്യയുടെ സമ്മര്‍ദ്ദമാണ് അറസ്റ്റിനു പിന്നിലെന്ന് ഹാഫീസ് സയീദ് ട്വീറ്റ് ചെയ്തു. 2017 കശ്മീരിന്റേതാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. തരാന്‍ അറസ്റ്റു ചെയ്യപ്പെട്ടാല്‍ കശ്മീരില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ശബ്ദമുയര്‍ത്തുമെന്നും ട്വീറ്റില്‍ സയീദ് അവകാശപ്പെട്ടിരുന്നു.
ലഷ്‌കറെ തോയിബ സ്ഥാപക നേതാവ് കൂടിയായ സയീദ് ഒരു കോടി ഡോളര്‍ തലയ്ക്ക് വിലയുള്ള അന്താരാഷ്ട്ര ഭീകരനാണ്. ജെയുഡിയെ 2014 ജൂണില്‍ യു.എസ് അന്താരാഷ്ട്ര ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സയീദിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കാര്യമായാണെങ്കില്‍ പാകിസ്താന്‍ കോടതിക്കോ ലോകത്തെ മറ്റേതെങ്കിലും കോടതിക്കോ ബോധ്യപ്പെടുന്ന തെളിവുകള്‍ ഹാജരാക്കണം എന്നാണ് പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല