സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ അധോലോക നായകന്‍ ഹാജി മസ്തനാകാന്‍ രജനീകാന്ത്, ഭീഷണിയുമായി മസ്താന്റെ ദത്തുപുത്രന്‍. കബാലിയ്ക്കു ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും പാ രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രമാണ് മുംബൈയിലെ അധോലാക നായകനായിരുന്ന ഹാജി മസ്താന്‌റെ ജീവിത കഥ പറയുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും അതിന്റെ പേരില്‍ മുംബൈ അധോലോകത്തു നിന്നും രജനീകാന്തിനു ഭീഷണി എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഹാജി മസ്താന്‌റെ ദത്തുപുത്രനായ സുന്ദര്‍ ശേഖര്‍ ആണു സൂപ്പര്‍ സ്റ്റാറിനു ഭീഷണിയുമായി എത്തിയിരിക്കുന്നത്. ഭാരതീയ ന്യൂനപക്ഷ സുരക്ഷാ സംഘ് എന്ന സംഘടനയുടെ ചെയര്‍മാന്‍ ആണു സുലൈമാന്‍ മിര്‍സ എന്നു ഹാജി മസ്താന്‍ വിളിച്ചിരുന്ന സുന്ദര്‍ ശേഖര്‍. തന്റെ പിതാവിനെ കള്ളക്കടത്തുകാരനോ അധോലോകനായകനായോ സിനിമയില്‍ അവതരിപ്പിക്കരുത് എന്നാണു സുന്ദറിന്‌റെ ആവശ്യം. ഹാജി മസ്താനെ മോശമായി ചിത്രീകരിച്ചാല്‍ കടുത്ത ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും സുന്ദര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
‘അദ്ദേഹത്തിനെ കള്ളക്കടത്തുകാരനോ അധോലോകനായകനോ ആയി ചിത്രീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. അദ്ദേഹത്തിനെതിരേ അത്തരത്തിലുള്ള ഒരു കേസ് പോലും ഉണ്ടായിട്ടില്ല’ സുന്ദര്‍ പറയുന്നു. മസ്താന്റെ ജീവിതത്തിലെക്കുറിച്ച് അറിയാന്‍ രജനീകാന്ത് തന്നോടു സംസാരിക്കുന്നതു നല്ലതായിരിക്കും എന്നും സുന്ദര്‍ അഭിപ്രായപ്പെട്ടു.
തമിഴ്‌നാട്ടിലെ ഗൂഡല്ലൂരുള്ള ഒരു ഗ്രാമത്തില്‍ നിന്ന് മുംബൈയിലെ ഒരു അധോലോകത്തിന്റെ തലപ്പത്ത് എത്തിയ ഹാജി മസ്താന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല