സ്വന്തം ലേഖകന്‍: അനധികൃത ഹജ്ജ് തീര്‍ത്ഥാടകരെ സഹായിച്ചവര്‍ക്ക് സൗദി സര്‍ക്കാര്‍ പിഴയും ആറു മാസം വരെ തടവും ശിക്ഷ വിധിച്ചു. ഇത്തവണത്തെ ഹജ്ജ് വേളയില്‍ അനധികൃത തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഇരുപത്തിയേഴ് പേര്‍ക്കാണ് ശിക്ഷ വിധിച്ചതായി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചത്. ഇതില്‍ വിദേശികളും ഉള്‍പ്പെടും. പിഴയും ആറു മാസം വരെ തടവുമാണ് ഇവര്‍ അനുഭവിക്കേണ്ട ശിക്ഷ.
ശിക്ഷാ കാലാവധിക്ക് ശേഷം വിദേശികളെ നാട് കടത്തും. അനധികൃത തീര്‍ഥാടകര്‍ യാത്ര ചെയ്ത ഏതാനും വാഹനങ്ങള്‍ കണ്ടു കെട്ടുകയും ചെയ്തു. കുറ്റക്കാരുടെ പേരുകളും അവര്‍ക്ക് ലഭിക്കുന്ന ശിക്ഷകളും പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി. 25,000 മുതല്‍ 6,75,000 വരെയാണ് പിഴ ഈടാക്കിയത്. ഹജ്ജിനുള്ള അനുമതിപത്രമില്ലാത്ത 1,70,000 പേരെ ചെക്ക്‌പോയിന്റുകളില്‍വെച്ച് തിരിച്ചയച്ചതായും പാസ്‌പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി.
അതേസമയം മക്കയിലെ ഹറം പള്ളിക്കുള്ളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. തീര്‍ഥാടകര്‍ക്ക് പ്രയാസം ഇല്ലാതിരിക്കാന്‍ ഹജ്ജ് വേളയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. വിദേശ ഹജ്ജ് തീര്‍ഥാടകരില്‍ 12 ലക്ഷത്തിലേറെ പേര്‍ ഇതുവരെ സ്വദേശത്തെക്ക് മടങ്ങി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഒരു ലക്ഷം തീര്‍ഥാടകരില്‍ ഇരുപതിനായിരത്തില്‍ താഴെ പേര്‍ മാത്രമാണ് ഇനി മടങ്ങാന്‍ ബാക്കിയുള്ളത്. കേരളത്തില്‍ നിന്നെത്തിയ 6300 ഓളം തീര്‍ഥാടകരില്‍ പകുതിയിലേറെ പേര്‍ ഇതിനകം നാട്ടിലെത്തി. ഈ മാസം ഇരുപതിയെട്ടിനാണ് അവസാനത്തെ വിമാന സര്‍വീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല