സ്വന്തം ലേഖകന്‍: ഹജ്ജ് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങി ജിദ്ദ എയര്‍പോര്‍ട്ട്; യാത്രക്കാര്‍ക്കായി പുതിയ ടെര്‍മിനലുകള്‍. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളതെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. വര്‍ധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്ത് ഹജ്ജ് ടെര്‍മിനലിന് പുറമെ നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകള്‍ വഴിയും തീര്‍ഥാടകരെ സ്വീകരിക്കുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഹജ്ജ് ടെര്‍മിനലില്‍ തിരക്ക് കുറയ്ക്കുന്നതിനാണ് നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകളില്‍ തീര്‍ഥാടകരെ സ്വീകരിക്കാന്‍ തീരുമാനിച്ചത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കേണ്ടത് നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകളിലാണെന്ന് പാസ്‌പോര്‍ട്ട് വകുപ്പിന്റെ ഹജ്ജ് ഫോഴ്‌സ് കമാന്‍ഡര്‍ കേണല്‍ സുലൈമാന്‍ അല്‍ യൂസുഫ് പറഞ്ഞു. ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നുതന്നെ എമിഗ്രേഷന്‍, കസ്റ്റംസ് നടപടി പൂര്‍ത്തിയാക്കിയാണ് സൗദിയിലേക്ക് വരുന്നത്.
അതുകൊണ്ടുതന്നെ അവര്‍ക്ക് കാത്തുനില്‍ക്കാതെ ലഗേജുകള്‍ ലഭിച്ചാലുടന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയും. ഹജ്ജ് സീസണ്‍ ആരംഭിച്ചതോടെ രണ്ടായിരത്തിലേറെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ നിയമിച്ചിട്ടുള്ളത്. ഹജ്ജ് ടെര്‍മിനലില്‍ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ 200 എണ്ണമാക്കി ഉയര്‍ത്തുകയും ചെയ്തു. ഇതിന് പുറമേ നോര്‍ത്ത് ടെര്‍മിനലില്‍ 50 കൗണ്ടറുകളും സൗത്ത് ടെര്‍മിനലില്‍ 40 കൗണ്ടറുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. ഓഗസ്റ്റ് 16ന് ആണ് ഈ വര്‍ഷം അവസാന ഹജ്ജ് തീര്‍ത്ഥാടക സംഘം ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല