സ്വന്തം ലേഖകന്‍: വിശുദ്ധ ഹജജ് കര്‍മ്മത്തിന് തുടക്കമാകുന്നു, മിനാ താഴ്വരയിലേക്ക് തീര്‍ഥാടക ലക്ഷങ്ങള്‍. ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായില്‍ തങ്ങാനായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഹാജിമാര്‍ നീങ്ങിത്തുടങ്ങി. വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ പങ്ക് കൊള്ളാനായി ലോകത്തിന്റെ നാനാദിക്കില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഇവര്‍ ടെന്റുകളുടെ നഗരമായ ചരിത്രമുറങ്ങുന്ന മിനാ താഴ്‌വരയിലേക്ക് കഴിഞ്ഞ ദിവസം സന്ധ്യയോടെ നീങ്ങി തുടങ്ങി. ‘നാഥാ ഞാനിതാ നിന്റെ വിളിക്കുന്നരമേകി വന്നണഞ്ഞിരിക്കുന്നു’ എന്ന തല്‍ബിയ്യത്ത് മന്ത്രധ്വനികളുമായാണ് തിര്‍ത്ഥാടത ലക്ഷം മിനായിലേക്ക് യാത്ര തിരിക്കുന്നത്. മിനായിലേക്കുള്ള എല്ലാ പാതകളും ഇഹ്‌റാം വേധാരികളായ ഹാജിമാരാല്‍ നിറഞ്ഞു കവിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മിനായിലെത്തുന്ന ഹാജിമാര്‍ ആദ്യ ദിവസത്തെ ഉച്ച മുതലുള്ള നിസ്‌ക്കാരങ്ങള്‍ നിര്‍വ്വഹിച്ചും, പ്രാര്‍ത്ഥനകളും മന്ത്രങ്ങളും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും കഴിച്ചുകൂട്ടും. വ്യാഴാഴ്ച നടക്കുന്ന ഹജജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമത്തിന്റെ മുന്നോടിയായാണ് ഹാജിമാര്‍ മിനായില്‍ തങ്ങുക. കാല്‍നടയായും വാഹനത്തിലുമായിരിക്കും വ്യാഴാഴ്ച ഹാജിമാര്‍ അറഫയിലെത്തുക.
സല്‍മാന്‍ രാജാവ് തീര്‍ത്ഥാടകര്‍ക്കാവശൃമുള്ള എല്ലാ സൗകരൃങ്ങളും ഒരുക്കാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് വന്‍ സജജീകരണങ്ങളാണ് ഹാജിമാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. പതിനേഴര ലക്ഷത്തോളം തിര്‍ത്ഥാടകരാണ് ഇതുവരെയുള്ള കണക്കനുസരിച്ച് വിദേശത്തുനിന്നും ഹജ്ജുകര്‍മ്മത്തിനെത്തിയത്. ഒരു ലക്ഷത്തി എഴുപതിനായിരം തീര്‍ത്ഥാടകര്‍ ഇന്ത്യയില്‍ നിന്നാണ്.
മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് അപകടമോ, അത്യാഹിതമോ, അതിക്രമങ്ങളോ നേരിടേണ്ടി വന്നാല്‍ ‘911’ എന്ന നമ്പറിലേക്ക് വിളിക്കാം. സൗദിയിലെ സര്‍വവിധ സുരക്ഷാ സന്നാഹങ്ങളുടെയും കേന്ദ്രീകൃത ഓപ്പറേഷന്‍ സെന്ററിന്റെ നമ്പരാണ് ‘911’. അറബി, ഉറുദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യ ഭാഷകളില്‍ ആശയവിനിമയം നടത്താം. സുരക്ഷാപ്രശ്‌നങ്ങളോ, അപകടമോ അത്യാഹിതമോ കണ്ടാല്‍ ഉടന്‍ ബന്ധപ്പെട്ട വകുപ്പിന് വിവരം കൈമാറും.
സ്ത്രീകള്‍ക്ക് പരാതി പറയാന്‍ സ്ത്രീകളുടെ തന്നെ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രവും തീര്‍ഥാടകരും സുരക്ഷിതമായിരിക്കാന്‍ 4ജി ക്വാളിറ്റിയില്‍ 15,000 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ കാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ സദാ നിരീക്ഷിക്കാന്‍ സെന്ററില്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് തീര്‍ഥാടകരുടെ സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല