സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പകുതിയോളം ജീവികളും വംശനാശ ഭീഷണിയുടെ വക്കിലെന്ന് പഠന റിപ്പോര്‍ട്ട്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഫ്രിക്കയിലെ പകുതിയോളം പക്ഷികളും സസ്തനികളും ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തെ 550 വിദ്ഗധരുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇന്റര്‍ഗവര്‍ണമെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് ഇക്കോസിസ്റ്റം സര്‍വീസ്(ഐപിബിഇഎസ്) ആണ് പഠനം നടത്തിയത്.
ഭൂമിയില്‍ അവശേഷിച്ച ഏക ആണ്‍വെള്ള കണ്ടാമൃഗം ചത്തതിന് ശേഷമാണ് പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. ജൈവവൈവിദ്ധ്യം തകര്‍ക്കപ്പെടുന്നത് മനുഷ്യന്റെ ജീവിത നിലവാരത്തെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ പതിറ്റാണ്ടിനിടെ യൂറോപ്പിലെയും മധ്യേഷ്യയിലെയും 42 ശതമാനം മൃഗങ്ങളും ചെടികളും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്യജീവി സംരക്ഷണത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. 1990 2015 കാലഘട്ടത്തില്‍ ചൈനയിലും വടക്കുകിഴക്കന്‍ ഏഷ്യയുടെ മറ്റു ഭാഗങ്ങളിലും വന വിസ്തൃതി 20 ശതമാനം കൂടി. വംശനാശത്തിന്റെ വക്കിലായിരുന്ന അമുര്‍ പുള്ളിപ്പുലി തിരിച്ച് വരവിന്റെ പാതയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല