സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നും യാത്ര പോകുന്ന വിദേശികൾക്കും സ്വദേശികൾക്കും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഉള്ള സംവിധാനവുമായി ഖത്തർ രംഗത്തെത്തി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്കിലേക്ക് പ്രവേശിക്കാതെ യാത്രക്കാർക്ക് സമയം ലാഭിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ് ഇ-ഗേറ്റ്.
രണ്ട് മിനിറ്റിനുള്ളിൽ ഇ-ഗേറ്റിലെ നടപടികൾ പൂർത്തിയാക്കും. യാത്രക്കാരുടെ വിരലടയാളം, വ്യക്തിഗത യാത്രാ രേഖ, കണ്ണിന്റെ സ്‌കാൻ എന്നിവ ഉപയോഗിച്ചാണ് ഇ-ഗേറ്റിന്റെ പ്രവർത്തനം. സൗജന്യമായി തന്നെ ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ സാധിക്കും. നാൽപ്പതിലധികം ഇ-ഗേറ്റുകൾ ഹമദ്
മാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലായി പ്രവർത്തിക്കുന്നുണ്ട്. 18 വയസ് പൂർത്തിയായവർക്കും അതിന് മുകളിൽ ഉള്ളവർക്കും മാത്രമേ ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ അധികൃതർ അനുമതി നൽകിയിട്ടുള്ളു. നിങ്ങളുടെ യാത്രയിൽ കുട്ടികൾ ഒപ്പം ഉണ്ടെങ്കിൽ ഇമിഗ്രേഷൻ കൗണ്ടറിലെത്തി നടപടികൾ പൂർത്തിയാക്കണം.
സ്വദേശികൾക്കും വിദേശികൾക്കും ഖത്തർ ഐഡി അല്ലെങ്കിൽ പാസ്‌പോർട് ഉപയോഗിച്ച് ഇ-ഗേറ്റ് സേവനം ഉപയോഗിക്കാം. ഇതുവരെ ഇ-ഗേറ്റുകൾ ഉപയോഗിക്കാത്തവർ ഇ-ഗേറ്റുകളോട് ചേർന്നുള്ള പാസ്‌പോർട് ഓഫിസിലെത്തി ഐഡി കാർഡ് നൽകുക. പിന്നീട് ഇ-ഗേറ്റ് ഉപയോഗിക്കാനുള്ള സേവനം അവിടെ നിന്നും പ്രവർത്തനക്ഷമമാക്കാം. രജിസ്ട്രേഷൻ സേവനം തികച്ചും സൗജന്യമായിരിക്കും.
രാജ്യത്തിന് പുറത്തുപേകുമ്പോൾ പ്രവാസികൾക്ക് ഇ-ഗേറ്റിൽ പാസ്‌പോർട് അല്ലെങ്കിൽ ഖത്തർ ഐഡി ഉപയോഗിച്ച് തുറക്കാൻ സാധിക്കും. എന്നാൽ രാജ്യത്തിലേക്ക് മടങ്ങി വരുമ്പോൾ പ്രവാസികൾ പാസ്പോർട്ട് ആണ് ഉപയോഗിക്കേണ്ടത്.
ഇ-റീഡറിൽ യാത്രാ രേഖ വെക്കുമ്പോൾ രേഖകളിലെ വിവരങ്ങൾ കാർഡ് റീഡ് ചെയ്യും. ഗ്രീൻ ലൈറ്റ് തെളിയും. ഇതോടെ ഗേറ്റ് തുറക്കുകയും ചെയ്യും. ഗേറ്റ് തുറക്കുമ്പോൾ ഉടൻ അകത്ത് പ്രവേശിക്കുക. ഗേറ്റിലെ റീഡറിൽ വിരലടയാളം പതിക്കുക. പിന്നീട് ക്യാമറയ്ക്ക് മുന്നിൽ എത്തി കണ്ണ് സ്‌കാൻ ചെയ്‌ത് പുറത്തു കടക്കാൻ അനുമതി തേടുക. വിവരങ്ങൾ വ്യക്തമായി പതിഞ്ഞാൽ ഗ്രീൻ ലൈറ്റ് തെളിയും. പുറത്തു കടക്കാനുള്ള ഗേറ്റ് തുറക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല