സ്വന്തം ലേഖകന്‍: വര്‍ഷങ്ങള്‍ നീണ്ട അകല്‍ച്ചക്കു ശേഷം ഹമാസും ഫത്തായും കൈകൊടുത്തു, പലസ്തീനില്‍ ഐക്യ സര്‍ക്കാരിന് അരങ്ങൊരുങ്ങുന്നു. ഇരു വിഭാഗവും തമ്മില്‍ അനുരഞ്ജന ഉടമ്പടിയില്‍ ഒപ്പുവെച്ചതായി ഹമാസ് മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ഹമാസിന്റെയും ഫത്തായുടേയും പ്രതിനിധി സംഘങ്ങള്‍ ഈജിപ്തിലെ കൈറോയില്‍ ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു.
ഹമാസിന്റെ പുതിയ മേധാവി സലാഹ് അല്‍ അറൂരിയും ഫത്തായുടെ പ്രതിനിധി സംഘത്തലവന്‍ അസ്സാം അല്‍ അഹ്മദും ആണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ഇതനുസരിച്ച് ഹമാസിന്റെ കീഴിലുള്ള ഗാസയുടെ മുഴുവന്‍ നിയന്ത്രണവും ഡിസംബര്‍ ഒന്നോടെ ഫത്തായുടെ കൈകളിലേക്ക് തിരികെ വരുമെന്ന് ഈജിപ്ത് ഇന്റലിജന്‍സ് ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. കരാര്‍ പ്രകാരം, ഹമാസിനു നിയന്ത്രണമുള്ള ഗാസ മുനമ്പ് ഡിസംബര്‍ ഒന്നോടെ പലസ്തീന്‍ അതോറിറ്റിക്ക് കൈമാറും.
പലസ്തീന്‍ അതോറിറ്റി ഗാസയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതിനിയന്ത്രണമടക്കമുള്ള ഉപരോധങ്ങള്‍ ഉടന്‍ എടുത്തുകളയും. വെസ്റ്റ് ബാങ്ക് ആസ്ഥാനമായ പലസ്തീനിയന്‍ അതോറിറ്റിയുടെ 3000 പോലീസുകാരെ ഗാസയില്‍ പുനര്‍വിന്യസിക്കും. ഗാസയുടെയും ഈജിപ്തിന്റെയും അതിര്‍ത്തിയിലുള്ള റഫ പാതയുടെ നിയന്ത്രണം പലസ്തീനിയന്‍ അതോറിറ്റി സേനകള്‍ ഏറ്റെടുക്കും.
പലസ്തീനിലെ വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം കൈയാളുന്ന ഫത്തായും ഗാസയെ നിയന്ത്രിക്കുന്ന ഹമാസും ഒരുമിക്കുന്നതോടെ പലസ്തീന്‍ ഐക്യ സര്‍ക്കാരിനും വഴിയൊരുങ്ങുകയാണ്. പലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനായുള്ള യോഗം നവംബറില്‍ കയ്‌റോയില്‍ നടക്കും. ഇരു കക്ഷികളും തമ്മില്‍ ധാരണയായെങ്കിലും ഗാസയില്‍ സ്വാധീനമുള്ള ഹമാസ് തീവ്രവാദ വിഭാഗം ഫത്തായുമായി ഇനിയും അടുത്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല