സ്വന്തം ലേഖകൻ: ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുള്ളത് നിർണായക വിവരങ്ങളെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിൻവാറിന്റെ മൃതദേഹത്തിൽ വിരലുകൾ ഉണ്ടായിരുന്നില്ല.
കൊല്ലപ്പെട്ടത് സിൻവർ തന്നെ എന്ന് ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പാക്കാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വിരലുകൾ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോർട്ടിലുള്ളത്. ഇസ്രയേലിലെ ജയിലിൽ ഉണ്ടായിരുന്ന കാലത്ത് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾക്കൊപ്പം ഈ വിരലുകൾ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിൻവർ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്.
സിൻവാർ ഷെൽ ആക്രമണത്തിൽ അല്ല മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. തലയിൽ ബുള്ളറ്റ് തറച്ചുകയറിയാണ് മരണം. സിൻവാർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേൽ ടാങ്ക് ആക്രമണം നടത്തുകയും പിന്നീട് സൈനീകർ സിൻവാറിനെ വധിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പങ്കുവെച്ച ചിത്രങ്ങളിൽ തലയോട്ടി പൂർണമായും തകർന്ന നിലയിലാണ് സിൻവറിന്റെ മൃതദേഹം കാണപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, യഹിയ സിൻവറിന്റെ മരണത്തിൽ ഹമാസ് കഴിഞ്ഞ ദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘യഹ്‌യ സിന്‍വാര്‍, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു’, എന്നാണ് അല്‍ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഹമാസ് വക്താവ് ഖാലീല്‍ ഹയ്യ അറിയിച്ചത്. ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യഹ്‌യയുടെ മരണം നേട്ടമെന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞത്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഹമാസ് ആയുധം ഉപേക്ഷിച്ച് മടങ്ങാന്‍ തയ്യാറായാല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല