1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2024

സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രക്ഷപ്പെടുന്ന വീഡിയോയാണ് പങ്കുവെച്ചതെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു.

ഐഡിഎഫ് പങ്കുവെച്ച വീഡിയോയില്‍ സിന്‍വാറും ഭാര്യയും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് കാണാം. മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കത്തിലാണ് യഹ്‌യ സിന്‍വാര്‍ കുടുംബത്തോടൊപ്പം എല്ലാ രാത്രിയും ഒളിച്ചിരുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത മുന്‍ഗണനകളാണ് ഇതെന്നും സിന്‍വാര്‍ എപ്പോഴും അദ്ദേഹത്തിനും പണത്തിനും ഹമാസ് തീവ്രവാദികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹഗാരി പറഞ്ഞു.

സമാന രീതിയിലുള്ള വീഡിയോ ഫെബ്രുവരിയിലും സൈന്യം പുറത്തുവിട്ടിരുന്നു. അതേസമയം വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനെതിരെ ഹമാസ് രംഗത്തെത്തി. കമാന്‍ഡര്‍ സിന്‍വാറിനെയും അദ്ദേഹത്തിന്റെ സഹോദരങ്ങളെയും അപമാനിച്ച് തങ്ങളുടെ തോറ്റ സൈന്യത്തിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു. തങ്ങളുടെ ധീരരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ കഴിഞ്ഞ ഒരു വര്‍ഷം ഗാസ മുനമ്പിലെ വിവിധ പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്ന സിന്‍വാര്‍ യുദ്ധക്കളത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് പറഞ്ഞു.

അതേസമയം യയഹ്‌യ സിന്‍വാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സിന്‍വാറിന്റെ മൃതദേഹത്തില്‍ വിരലുകള്‍ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിന്‍വാര്‍ തന്നെ എന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പാക്കാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വിരലുകള്‍ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇസ്രയേലിലെ ജയിലില്‍ ഉണ്ടായിരുന്ന കാലത്ത് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ക്കൊപ്പം ഈ വിരലുകള്‍ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിന്‍വര്‍ ആണെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചത്.

സിന്‍വാര്‍ ഷെല്‍ ആക്രമണത്തില്‍ അല്ല മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. തലയില്‍ ബുള്ളറ്റ് തറച്ചുകയറിയായിരുന്നു മരണം. സിന്‍വാര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേല്‍ ടാങ്ക് ആക്രമണം നടത്തുകയും പിന്നീട് സൈനികര്‍ സിന്‍വാറിനെ വധിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പങ്കുവെച്ച ചിത്രങ്ങളില്‍ തലയോട്ടി പൂര്‍ണമായും തകര്‍ന്ന നിലയിലാണ് സിന്‍വാറിന്റെ മൃതദേഹം കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.

https://x.com/LTC_Shoshani/status/1847704609156190441

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.