സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരണം 18,000 ആയി. തടവുകാരുടെ കൈമാറ്റമടക്കമുള്ള ഡിമാൻഡുകൾ അംഗീകരിച്ചില്ലെങ്കിൽ ഒരൊറ്റ ബന്ദിയെപ്പോലും ജീവനോടെ ഇസ്രയേലിനു ലഭിക്കില്ലെന്ന് ഹമാസ് ഭീകരർ ഭീഷണി മുഴക്കി.
ഇനിയൊരു വെടിനിർത്തലിനുള്ള സാധ്യത മങ്ങുന്നതായി ഖത്തർ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ ഗാസയിലെ സൈനിക നടപടി മാസങ്ങൾ തുടരുമെന്ന സൂചന ഇസ്രയേൽ നല്കി. ഇസ്രേലി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 17,997 ആയതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 49,500 പേർക്കു പരിക്കേറ്റു.
ഇസ്രേലി ജയിലിലുള്ള പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നത് അടക്കമുള്ള നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ബന്ദികളെ ജീവനോടെ ഗാസയിൽനിന്നു ലഭിക്കില്ലെന്നാണു ഹമാസ് പറഞ്ഞത്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 240ഓളം പേരിൽ 137 ബന്ദികൾ ഹമാസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. ഒരാഴ്ച നീണ്ട വെടിനിർത്തലിൽ 110 പേരെ മോചിപ്പിച്ചിരുന്നു.
ഹമാസിന്റെ ഭീഷണിക്കു ഖാൻ യൂനിസ് നഗരം ഉൾപ്പെടുന്ന തെക്കൻ ഗാസയിൽ കൂടുതൽ ബോംബാക്രമണം നടത്തിയാണ് ഇസ്രയേൽ മറുപടി നല്‍കിയത്. ഗാസയിൽനിന്നു ഭീകരർ ഇന്നലെ ഇസ്രയേലിലേക്കു റോക്കറ്റാക്രമണവും നടത്തി.
വടക്കൻ ഗാസയിൽ ഒട്ടെറെ ഹമാസ് ഭീകരർ ഇസ്രേലി സേനയ്ക്കു കീഴടങ്ങി. ഹമാസിന്റെ അന്ത്യത്തിന്റെ തുടക്കമാണിതെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഭീകരനേതൃത്വത്തിനുവേണ്ടി പോരാടി മരിക്കാതെ കീഴടങ്ങാൻ ഹമാസ് പോരാളികൾ തയാറാകണമെന്നു നെതന്യാഹു ആവശ്യപ്പെട്ടു.
ഇസ്രയേലിനും ഹമാസിനും ഇടയിൽ വെടിനിർത്തലിനു ശ്രമം തുടരുന്നതായി മധ്യസ്ഥചർച്ചകൾ നടത്തുന്ന ഖത്തർ അറിയിച്ചു. എന്നാൽ, രണ്ടാമതൊരു വെടിനിർത്തലിനുള്ള സാധ്യത മങ്ങുന്നതായി അവർ കൂട്ടിച്ചേർത്തു.
ഇസ്രേലി ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് അമേരിക്ക കൃത്യസമയം നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രേലി ദേശീയസുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി പറഞ്ഞതു യുദ്ധം നീളുമെന്നതിന്റെ സൂചനയായി. രണ്ടു മാസംകൂടി ആക്രമണം നീണ്ടേക്കാമെന്ന സൂചന മറ്റു ചില ഇസ്രേലി സൈനികവൃത്തങ്ങളും നല്കി.
യുദ്ധത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും ജനുവരി അവസാനം വരെ അതു തുടരാമെന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുവത്സരത്തോടെ രണ്ടാം ഘട്ടം പൂർത്തിയാക്കാനുള്ള സമ്മർദം അമേരിക്ക ചെലുത്തുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല