1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2025

സ്വന്തം ലേഖകൻ: ഒരുവര്‍ഷത്തിലേറെക്കാലമായി ബന്ദികളാക്കിയ നാല് ഇസ്രയേല്‍ വനിത സൈനികരെ കഴിഞ്ഞ ദിവസമാണ് ഹമാസ് മോചിപ്പിച്ചത്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ തടവിലായിരുന്ന ലിറി, നാമ, കരീന, ഡാനിയേല എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. 200 പാലസ്തീനിയന്‍ തടവുകാരെ ഇസ്രായേലില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായാണ് നടപടി.

മോചന നടപടിയുടെ ഭാഗമായി ഹമാസ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. റെഡ് ക്രോസിന് കൈമാറുന്നതിന് മുന്നോടിയായി വനിതാ സൈനികള്‍ ഹമാസിനോട് നന്ദി പറയുന്ന ദൃശ്യങ്ങളായിരുന്നു അത്. ഹമാസ് ഇവരെ വളരെ നന്നായി സംരക്ഷിച്ചുവെന്നും പരിചരിച്ചുവെന്നും ചൂണ്ടിക്കാട്ടി ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇസ്രയേല്‍.

ഹമാസിന്റെ പ്രൊപ്പഗണ്ടയാണിതെന്ന് ആരോപിച്ച ഇസ്രയേല്‍ മറ്റൊരു വീഡിയോ പുറത്തുവിട്ടു. ബന്ദികളെ വിട്ടയക്കുന്നതുമായുള്ള കരാറിലെത്താന്‍ ഇസ്രയേല്‍ സര്‍ക്കാറിനെ സമ്മര്‍ദ്ദം ചെലുത്താനായി ഹമാസ് നേരത്തേ അയച്ച ഒരു വീഡിയോ ആണിത്. നാല് സൈനികരും ജന്മനാട്ടിലെത്തി കുടുംബത്തോടൊപ്പം ചേര്‍ന്നതിന് ശേഷമാണ് ഇസ്രയേല്‍ ഈ വീഡിയോ പങ്കുവച്ചത്.

മുഖത്തും വസ്ത്രത്തിലും രക്തം പുരണ്ട നിലയിലാണ് സൈനികരെ വീഡിയോയില്‍ കാണാനാവുക. ഇവരുടെ കൈകള്‍ പിറകിലേക്ക് വലിച്ച് കെട്ടിയ നിലയിലാണ്. ആരെങ്കിലും ഇംഗ്ലീഷ് സംസാരിക്കുമോ, തനിക്ക് ഗാസയില്‍ സുഹൃത്തുക്കളുണ്ടെന്നും അവരെ ഫോണില്‍ വിളിക്കാന്‍ കഴിയുമോ എന്നും ചോദിക്കുമ്പോള്‍ ഹമാസ് ഇവരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണിത്.

ലിറി, ഡാനിയേല, കരീന, നാമ എന്നിവരുടെ ഒക്ടോബര്‍ 7 ലെ ചിത്രങ്ങള്‍ നിങ്ങള്‍ മറക്കണമെന്നാണ് ഹമാസ് ആഗ്രഹിക്കുന്നത്. രക്തം പുരണ്ട പൈജാമ ധരിച്ച, കിടക്കയില്‍ നിന്ന് വലിച്ചിഴക്കപ്പെട്ട, കൈകള്‍ ബന്ധിക്കപ്പെട്ട ഇവരുടെ ചിത്രങ്ങള്‍. ഇതിനി സംഭവിക്കാന്‍ തങ്ങള്‍ അനുവദിക്കുകയില്ല- വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.