സ്വന്തം ലേഖകൻ: വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ ഹമാസും ഇസ്രയേലും. നാല് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാകും മോചിപ്പിക്കുക. ഇസ്രയേലും ഇന്ന് 180 തടവുകാരെ മോചിപ്പിക്കും.
ആദ്യ ഘട്ടത്തിൽ മൂന്ന് ബന്ദികളായിരുന്നവരെയാണ് ഹമാസ് ഇസ്രയേലിന് കൈമാറിയത്. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരായിരുന്നു മോചിപ്പിക്കപ്പെട്ടത്. തുടർന്ന് ഇസ്രയേൽ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു. അതിന് മുൻപായി ജയിലിന് മുൻപിൽ നിലയുറപ്പിച്ച ബന്ദികളുടെ ബന്ധുകൾക്ക് നേരെ അക്രമണമുണ്ടായിരുന്നു.
ജനുവരി 19ന് ഇസ്രയേൽ പ്രാദേശിക സമയം 11:15ഓടെയാണ് ഗാസയില്‍ വെടിനിർത്തൽ നിലവില്‍ വന്നത്. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാർ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ കരാറില്‍നിന്ന് പിന്മാറിയിരുന്നു.
സാങ്കേതിക പ്രശ്നമാണ് പട്ടിക കൈമാറാന്‍ വൈകിയതിന് കാരണമെന്നായിരുന്നു ഹമാസ് നല്‍കിയ വിശദീകരണം. അതോടെ വെടിനിർത്തൽ നിലവില്‍ വന്നെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചിരുന്നു. കരാര്‍ നിലവില്‍ വന്നതോടെ ഗാസയില്‍ വലിയ ആഘോഷമാണ് ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല