1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2023

സ്വന്തം ലേഖകൻ: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിനുപിന്നില്‍ ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതിയും ഒരു ഘടകമാകാമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് സന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസിനൊപ്പം വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന്‍ അഭിപ്രായപ്രകടനം നടത്തിയത്.

സെപ്റ്റംബറില്‍ നടന്ന ജി-20 സമ്മേളനത്തില്‍ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴി (IMEEC) യുടെ പ്രഖ്യാപനമുണ്ടായിരുന്നു. ഇന്ത്യ-പശ്ചിമേഷ്യ- യൂറോപ് മേഖലയെ പൂര്‍ണമായും ഒരു റെയില്‍റോഡ് ശൃംഖലയിലൂടെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രൂപവത്കരിച്ച പദ്ധതി ഇക്കൊല്ലം ആദ്യമാണ് ആരംഭിച്ചത്. ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് ഇതുമൊരു കാരണമാകാമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ അത് സ്ഥിരീകരിക്കാന്‍ തക്ക തെളിവുകളൊന്നും തന്റെ പക്കലില്ലെന്നും ബൈഡന്‍ പറഞ്ഞു.

വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഏകീകരണ പ്രവർത്തനത്തിലുണ്ടാകുന്ന പുരോഗതിയാകാം ചിലപ്പോള്‍ ഹമാസിന്‍റെ ആക്രമണത്തിനുള്ള കാരണം. എന്നാല്‍ ആക്രമണത്തിന്റെ പശ്ചാത്തലം മുന്‍നിര്‍ത്തി സുപ്രധാനപദ്ധതിയോ ഏകീകരണപ്രവര്‍ത്തനങ്ങളോ ഉപേക്ഷിക്കാനാകില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തികമായും രാഷ്ട്രീയമായും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ സഹകരണം എല്ലാവിധത്തിലുമുള്ള വികസനത്തെ ത്വരിതപ്പെടുത്തുമെന്നും ഈ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹവര്‍ത്തിത്വം ആവശ്യമാണെന്നും ബൈഡൻ പറഞ്ഞു.

യുഎസ്, ഇന്ത്യ, സൗദി അറേബ്യ, യുഎഇ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാഷ്ട്രത്തലവന്‍മാര്‍ സംയുക്തമായാണ് സെപ്റ്റംബറില്‍ സാമ്പത്തിക ഇടനാഴി (എഎംഇഇസി) പ്രഖ്യാപിച്ചത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതിയ്ക്ക് ബദലായാണ് ഐഎംഇഇസിയെ പലരും നോക്കിക്കാണുന്നത്.

ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും സാമ്പത്തിക ഇടനാഴിയില്‍ ഉള്‍പ്പെടുന്നു. ഈ സാമ്പത്തിക ഇടനാഴിയാകാം ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിനുപിന്നിലെന്ന് ബൈഡന്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് അഭിപ്രായപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.