സ്വന്തം ലേഖകൻ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഖത്തറില്‍ കഴിയുന്ന ഹനിയെ ഇക്കാര്യം സ്ഥിരീകരിച്ചു. ഗാസാ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ഥിക്യാമ്പില്‍ ഹനിയെ കുടുംബത്തിന്റെ കാറില്‍ ഡ്രോണ്‍ പതിച്ചാണ് ഇവരുടെ മരണമെന്ന് ‘അല്‍ ജസീറ’ റിപ്പോര്‍ട്ടുചെയ്തു.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടതോടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവതാളത്തിലായേക്കും. അല്‍ ജസീറ ചാനലിനോട് മരണവിവരം പങ്കിട്ട ഹനിയെ, ”ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ ഞങ്ങളുടെയാളുകളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാമെന്നാണ് അധിനിവേശക്കാരുടെ വിശ്വാസ”മെന്നു പറഞ്ഞു. സമാധാനചര്‍ച്ചകളെയും ബന്ദിമോചനത്തെയും ഇതു ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
തന്റെ മക്കളും പേരക്കുട്ടികളും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ 60 പേര്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഹനിയെ പറഞ്ഞു. ഖത്തറിന്റെയും ഈജിപ്തിന്റെയും യുഎസിന്റെയും മധ്യസ്ഥതയില്‍ കയ്‌റോയില്‍ നടക്കുന്ന സമാധാനചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ നീങ്ങുമ്പോഴാണ് ഈ വാര്‍ത്തയെത്തുന്നത്. ചെറിയപെരുന്നാള്‍ ദിനമായ ബുധനാഴ്ചയും ഗാസയിലെ പലയിടത്തും ഇസ്രയേല്‍ ബോംബിട്ടു.
മധ്യഗാസയിലെ നുസൈറത് അഭയാര്‍ഥിക്യാമ്പിലെ വ്യോമാക്രമണത്തില്‍ കൊച്ചുകുട്ടികളുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തിന്റെയും പട്ടിണിയുടെയും ഇടയില്‍നിന്നുകൊണ്ട് ഗാസക്കാര്‍ ഈദ് പ്രാര്‍ഥന നടത്തി. കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയിലും പ്രാര്‍ഥനയ്ക്കായി ആയിരങ്ങളെത്തി.
സയിലെ യുദ്ധം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈകാര്യംചെയ്യുന്നത് തെറ്റായരീതിയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നെതന്യാഹുവിന്റെ സമീപനത്തോട് യോജിക്കുന്നില്ലെന്നും സ്പാനിഷ് മാധ്യമമായ യൂണിവിഷനു നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞു.
വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിക്കണം, ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ ഗാസയെ സഹായംകൊണ്ട് നിറയ്ക്കണം, സഹായം വിതരണംചെയ്യാന്‍ പശ്ചിമേഷ്യയിലെ മറ്റുരാജ്യങ്ങളെ അനുവദിക്കണം എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. അത് ഇപ്പോള്‍ത്തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത സഖ്യകക്ഷിയെന്നനിലയില്‍ ഗാസായുദ്ധത്തില്‍ ഇസ്രയേലിനെ നിര്‍ബാധം പിന്തുണച്ച യുഎസ് അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് സ്വരംമാറ്റിയത്. ഈദ് സന്ദേശത്തിലും ബൈഡന്‍ ഗാസയെ അനുസ്മരിച്ചു. ഗാസയും സുഡാനും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷവും വിശപ്പും അനുഭവിക്കുന്നവര്‍ക്കും ഭവനരഹിതരായവര്‍ക്കുമൊപ്പമാണ് തന്റെ മനസ്സെന്ന് അദ്ദേഹം ‘എക്‌സി’ല്‍ കുറിച്ചു.
പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കുമെന്ന സൂചനനല്‍കി ഓസ്ട്രേലിയ. മരവിച്ചുകിടക്കുന്ന പശ്ചിമേഷ്യാ സമാധാനപ്രക്രിയ പുനരാരംഭിക്കാനും ഈ മേഖലയിലെ തീവ്രവാദശക്തികളെ ഇല്ലാതാക്കാനും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലൂടെ സാധിക്കുമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ് പറഞ്ഞു.
ബ്രിട്ടന്‍, അയര്‍ലന്‍ഡ്, മാള്‍ട്ട, സ്ലൊവീനിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പലസ്തീന്‍രാഷ്ട്രത്തെ അംഗീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയയും ഇക്കാര്യം സൂചിപ്പിച്ചത്.
2014-ല്‍ പലസ്തീനെ അംഗീകരിച്ച സ്വീഡനാണ് ഈ നീക്കംനടത്തിയ ആദ്യ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം. ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, പോളണ്ട്, റൊമാനിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ മുമ്പേ പലസ്തീനെ അംഗീകരിച്ചിട്ടുണ്ട്.
അതിനിടെ, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ‘ആനുപാതികമല്ലാത്ത സൈനികനടപടി’ പശ്ചിമേഷ്യയ്ക്കുമാത്രമല്ല ലോകത്തിനുതന്നെ ഭീഷണിയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല