
സ്വന്തം ലേഖകൻ: ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി വിവരം. യുഎസ് സമ്മർദത്തിനു പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് അഭ്യർഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്. യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയിൽ ഒരു വർഷം നീണ്ടുനിന്ന സംഘർഷത്തിനു അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. ഒക്‌ടോബർ മധ്യത്തിൽ നടന്ന ഏറ്റവും പുതിയ ചർച്ചകളിൽ ഹമാസ് ഹ്രസ്വകാല വെടിനിർത്തൽ പദ്ധതി നിരസിച്ചിരുന്നു.
ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
മറ്റൊരു ബന്ദി മോചന നിർദ്ദേശം ആഴ്ചകൾക്ക് മുൻപ് ഹമാസ് നിരസിച്ചതിനെ തുടർന്നാണ് തങ്ങൾ ഖത്തറിനോട് നിലപാട് അറിയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്ത് നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല