സ്വന്തം ലേഖകൻ: ഇസ്രയേല്‍ ഗാസ സംഘര്‍ഷത്തിലെ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള മധ്യസ്ഥ ചർച്ചകളിൽ നിന്നും ഖത്തര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. നയതന്ത്ര സ്രോതസിനെ ഉദ്ധരിച്ച് എഎഫ്പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറും അമേരിക്കയും ഈജിപ്തും ചേര്‍ന്ന് മാസങ്ങളായി വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. നേരത്തെ ഗാസയിൽ അവശ്യവസ്തുക്കളുടെ വിതരണത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴും മധ്യസ്ഥ ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് ഖത്തറായിരുന്നു.
‘നല്ല വിശ്വാസത്തില്‍ കരാറിലെത്താന്‍ വീസമ്മതിക്കുന്നതിനാല്‍ ഇനി മധ്യസ്ഥത വഹിക്കാന്‍ സാധിക്കില്ലെന്ന് ഖത്തര്‍ ഇസ്രയേലിനെയും ഹമാസിനെയും അറിയിച്ചു. തല്‍ഫലമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഹമാസിന്റെ പൊളിറ്റിക്കല്‍ ഓഫീസിന് ഇനി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല’, റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മധ്യസ്ഥത വഹിക്കില്ലെന്ന വിവരം ഖത്തര്‍ അമേരിക്കന്‍ ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇസ്രയേലും ഹമാസും ചര്‍ച്ച നടത്താമെന്ന് ആത്മാര്‍ത്ഥമായ സന്നദ്ധത അറിയിച്ചാല്‍ വീണ്ടും മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ മിലിട്ടറി ബേസുള്ള ഖത്തര്‍ അമേരിക്കയുടെ അനുവാദത്തോടു കൂടി തന്നെ 2012 മുതല്‍ ഹമാസ് നേതൃത്വത്തിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.
നേരത്തെ അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസിന്റെ സാന്നിധ്യം ഇനി അനുവദനീയമല്ലെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി രാജ്യം വിടണമന്നാവശ്യപ്പെട്ട് ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇസ്രയേലില്‍ നിന്നുള്ള ബന്ദികളെ മോചിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് അമേരിക്ക മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഹമാസ് തയ്യാറായിട്ടില്ല.
യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന സംഘര്‍ഷത്തിനു അറുതി വരുത്താനുള്ള ചര്‍ച്ചകളില്‍ ഖത്തറും പങ്കാളിയായിരുന്നു. എന്നാല്‍ ഹ്രസ്വകാല വെടിനിര്‍ത്തല്‍ പദ്ധതിയടക്കം നിര്‍ദേശങ്ങളെല്ലാം ഹമാസ് നിരസിച്ചതോടെ അമേരിക്ക നിലപാട് കടുപ്പിക്കുകയായിരുന്നു. ഹമാസിന്റെ ആതിഥ്യം അവസാനിപ്പിക്കാന്‍ ഖത്തറിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പതിനാല് റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍മാര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് കത്തയച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല