സ്വന്തം ലേഖകന്‍: പലസ്തീനിലെ ഹമാസ് ഭീകര സംഘടന അല്ലെന്ന് ഈജിപ്ഷ്യന്‍ കോടതി വിധി. പലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് ഭീകര സംഘടനയാണെന്ന് പ്രഖ്യാപിച്ച ഈജിപ്തിലെ കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി റദ്ദാക്കുകയും ചെയ്തു.
ഈജിപ്തിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഹമാസ് തുരങ്കങ്ങള്‍ നിര്‍മിച്ചുവെന്നാരോപിച്ച് ഒരു അഭിഭാഷകന്‍ കീഴ്‌കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഫിബ്രവരിയില്‍ സംഘടനയെ ഭീകരസംഘമായി പ്രഖ്യാപിച്ചത്.
തുടര്‍ന്ന് വിധിക്കെതിരെ ഹമാസ് ശക്തമായി രംഗത്തെത്തുകയും ഈജിപ്ത് സര്‍ക്കാര്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയുമായിരുന്നു. കീഴ്‌ക്കോടതിക്ക് ഇത്തരം വിധി പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് അപ്പീല്‍ കോടതി ചൂണ്ടിക്കാട്ടി.
ഇസ്രായേലിനും ഹമാസിനുമിടയില്‍ കാലങ്ങളായി ഇടനിലക്കാരനായി വര്‍ത്തിക്കുന്നത് ഈജിപ്തായിരുന്നു. ഹമാസുമായുള്ള ഈജിപ്തിന്റെ ബന്ധം വിധിയെത്തുടര്‍ന്ന് വഷളാവുകയും ചെയ്തു.
ഭീകരസംഘടനയായി പ്രഖ്യാപിച്ച വിധി റദ്ദാക്കിയ അപ്പീല്‍ കോടതി നടപടി തെറ്റുതിരുത്തലാണെന്ന് ചൂണ്ടിക്കാട്ടിയ ഹമാസ് വിധിയെ സ്വാഗതം ചെയ്തു. ഈജിപ്ത് സര്‍ക്കാറുമായി തുടര്‍ന്നും സഹകരിക്കുമെന്നും ഹമാസ് വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല