
സ്വന്തം ലേഖകൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു. മരണം സ്ഥിരീകരിച്ച് ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്സും അറിയിച്ചു. ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപിച്ച് ഹമാസ് രംഗത്തെത്തി. എന്നാൽ സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖൊമെയ്നിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഖത്തറിൽ താമസിച്ചാണ് ഹനിയ്യ ഹമാസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 2006ൽ പലസ്തീൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989ൽ ഇസ്രായേൽ ജയിലിലടച്ച ഹനിയ്യയെ മൂന്ന് വർഷത്തിന് ശേഷം മോചിപ്പിച്ചിരുന്നു.
ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാൻ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ഇറാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല