സ്വന്തം ലേഖകൻ: ബാഗേജ് നിയമങ്ങള്‍ പാലിക്കാത്ത ഓരോ യാത്രക്കാരനും സെക്യൂരിറ്റി ചെക്കിംഗില്‍ 20 മിനിറ്റ് നേരത്തെ കാലതാമസം ഉണ്ടാക്കുന്നതായി ബിര്‍മ്മിംഗ്ഹാം വിമാനത്താവളാധികൃതര്‍ പറയുന്നു. സെക്യൂരിറ്റിയിലെ നീണ്ട ക്യൂവിനെ കുറിച്ചുള്ള പരാതികള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നതിനിടയിലാണ് ഇത്തരമൊരു വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തുന്നത്. ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാവുന്ന ദ്രാവക പദാര്‍ത്ഥങ്ങളുടെ അളവുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്.
ഹാന്‍ഡ് ബാഗില്‍ 100 മില്ലി ലിറ്ററില്‍ കൂടുതല്‍ ദ്രാവകം കൊണ്ടു പോകരുതെന്ന നിയമം സര്‍ക്കാര്‍ എടുത്തു കളഞ്ഞെങ്കിലും താത്ക്കാലികമായി അത് വീണ്ടും കൊണ്ടുവന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് സംഭവിക്കുന്നത്. ബാഗില്‍ 100 മില്ലി ലിറ്ററിലധികം ദ്രാവകവുമായി വരുന്ന ബാഗുകള്‍ സെക്യൂരിറ്റി ചെക്കിംഗില്‍ 20 മിനിറ്റിലേറെ സമയം പാഴാക്കുന്നതായി എയര്‍പോര്‍ട്ട് സി ഇ ഒ നിക്ക് ബാര്‍ടണ്‍ പറയുന്നു.
വീണ്ടും കൊണ്ടുവന്ന നിയമപ്രകാരം, 100 എം എല്ലിലധികം ദ്രാവകം, പേസ്റ്റ്, ജെല്‍ എന്നിവ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ കഴിയില്ല. നേരത്തെ, ബിര്‍മ്മിംഗ്ഹാം വിമാനത്താവളത്തില്‍ സ്ഥാപിച്ച പുതിയ സ്‌കാനിംഗ് സംവിധാനത്തിന് അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍, വീണ്ടും നിരോധനം നിലവില്‍ വന്നതോടെ, നിയമം അനുസരിക്കാത്ത ബാഗുകളുടെ എണ്ണം കൂടിവരികയാണ്. പുതിയ സ്‌കാനിംഗ് സംവിധാനം സ്ഥാപിച്ച യു കെ എയര്‍പോര്‍ട്ടുകളില്‍ ഒന്നായിട്ടും, അസാധാരണ ഉത്തരവിലൂടെ 100 എം എല്‍ പരിധി തിരികെ കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയിലൂടെ ആ സംവിധാനം പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്താകെ പ്രാബല്യത്തിലുള്ള ഈ നിയമം അനുസരിച്ച് എല്ലാ യാത്രക്കാരും 100 എം എല്‍ പരിധി അനുസരിക്കാന്‍ തയ്യാറായാല്‍ മാത്രമെ ചെക്കിംഗിലെ കാലതാമസം ഒഴിവാക്കാന്‍ കഴിയു എന്നും അധികൃതര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല