ഒരു കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാകും. കാറ് നിയന്ത്രിക്കാനല്ലാതെ… എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് കാപ്പി കുടിക്കാം… ഈ മെയിലയ്ക്കാം. വണ്ടി തനിയെ റോഡില്‍ കൂടി പൊയ്‌ക്കോളും. ലോകത്ത് ആദ്യമായി ഹാന്‍ഡ്‌സ് ഫ്രീ കാറിന്റെ ടെസ്റ്റ് ഡ്രൈവ് സാധ്യമായതോടെ ഈ പറഞ്ഞ കാര്യങ്ങളെല്ലാം അധികം താമസിക്കാതെ നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷ.
സ്വീഡനില്‍ ആദ്യമായി വാഹനങ്ങളെ തമ്മില്‍ ഇലക്ട്രോണിക്കലായി ബന്ധിപ്പിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലാണ് ഭാവിയില്‍ ഹാന്‍ഡ്‌സ് ഫ്രീ കാറുകള്‍ എന്ന ആശയം സാധ്യമാകുമെന്ന പ്രതീക്ഷ എന്‍ജിനിയര്‍മാര്‍ പങ്കുവെച്ചത്. വോള്‍വോയുടെ സ്വീഡനിലുളള ടെസ്റ്റിംഗ് ട്രാക്കിലാണ് പരീക്ഷണം നടന്നത്. മൂന്നില്‍ പോകുന്ന കമാന്‍ഡ് ട്രക്കില്‍ പുറകിലുളള വാഹനങ്ങള്‍ ഇലക്ട്രോണിക്കലായി ബന്ധിപ്പിച്ചുകൊണ്ടാണ് ഹാന്‍ഡ്‌സ്ഫ്രീ കാറുകള്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്. കമാന്‍ഡ് ട്രക്ക് പോകുന്ന ദിശയില്‍ കാറുകളും സുരക്ഷിതമായി പൊയ്‌ക്കൊളും. ഡ്രൈവര്‍ക്ക് സ്റ്റിയറിംഗ് തിരിക്കേണ്ടതിന്റെയോ ക്ലച്ചും ബ്രേക്കും അമര്‍ത്തേണ്ടതിന്റേയോ ആവശ്യം വരുന്നില്ല.
കമാന്‍ഡ് ട്രക്കിന് പിന്നാലെ കോണ്‍വോയ് അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ പോകുന്നത്. മണിക്കൂറില്‍ അന്‍പത്തിയാറ് മൈല്‍ വേഗതയില്‍ പോകുമ്പോഴും നിങ്ങള്‍ക്ക് വാഹനത്തിന് അകത്തിരുന്ന് കാപ്പി കുടിയ്ക്കാം, മെയില്‍ അയക്കാം… ഹാന്‍ഡ് ഫ്രീ റോഡ് ട്രയിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം സാധ്യമാകാന്‍ ചുരുങ്ങിയത് പത്ത് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. ചുരുങ്ങിയത് ആറ് വാഹനങ്ങള്‍ വരെ ഇത്തരത്തില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ കൊണ്ടുപോകാന്‍ കഴിയും.
സേഫ് റോഡ് ട്രയിന്‍സ് ഫോര്‍ ദി എണ്‍വയോണ്‍മെന്റ് (SARTRE) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 2009ലാണ് തുടങ്ങിയത്. യൂറോപ്യന്‍ കമ്മീഷനാണ് പദ്ധതിക്കായി ഫണ്ട് നല്‍കുന്നത്. 51 മില്യണാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ധന ചെലവ് കുറയ്ക്കുക, യാത്രാ സമയവും ട്രാഫിക് തിരക്കും അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഒരു റോഡ് ട്രയിനില്‍ ജോയിന്‍ ചെയ്യുന്നിടം മുതല്‍ സിസ്റ്റം പ്രവര്‍ത്തിച്ച് തുടങ്ങും. മുന്നില്‍ പോകുന്ന കമാന്‍ഡ് വാഹനത്തില്‍ പരീശീലനം സിദ്ധിച്ച് ഡ്രൈവറും പിന്നില്‍ വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ സ്‌ക്രീനുകളും ഉണ്ടാകും. പിന്നാലെ വരുന്ന കാറുകളെ നിയന്ത്രിക്കാനായി ഇതിനുളൡ ഒരു കമ്പ്യൂട്ടര്‍ സിസ്റ്റവും ഉണ്ടാകും.
ഒരിക്കല്‍ കാറുകള്‍ കോണ്‍വോയ്‌യില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ തൊട്ട് മുന്നിലുളള കാറുകളുമായി സുരക്ഷിതമായ അകലം പാലിച്ചോളും. ബ്രട്ടീഷ് സ്ഥാപനമായ റിക്കാര്‍ഡോയാണ് ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്. നിങ്ങള്‍ക്ക് എത്തേണ്ട സ്ഥലമാകുമ്പോള്‍ വാഹനത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കും. ഇത് അനുസരിച്ച് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാവുന്നതാണ്.
കോണ്‍വോയ്‌യില്‍ ജോയിന്‍ ചെയ്യാനും ഇറങ്ങാനുളള സ്ഥലം രേഖപ്പെടുത്തുന്നതിനുമായി ഒരു ആപ്പ് ഉണ്ടായിരിക്കും. കമാന്‍ഡ് ട്രക്കിനെ അല്‍പ്പദൂരം പിന്തുടരുമ്പോള്‍ തന്നെ കമാന്‍ഡ് വാഹനത്തിലെ സെന്‍സറുകള്‍ നിങ്ങളുടെ വാഹനത്തിലെ സെന്‍സറുകളെ തിരിച്ചറിയുകയും റോഡ് ട്രയിനിലേക്ക് ലോക്ക് ചെയ്യുകയും ചെയ്യുന്നു. യൂറോപ്യന്‍ വാഹന നിയമങ്ങള്‍ ലംഘിക്കാത്ത നിലയിലാണ് റോഡ് ട്രയിനുകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഒപ്പം സാധാരണക്കാരന് താങ്ങാവുന്ന ചെലവിലാണ് ഇവയുടെ നിര്‍മ്മാണം. കോണ്‍വോയ് സിസ്റ്റമുളള ഒരു വോള്‍വോയ്ക്ക് 1600 പൗണ്ട് വില വരുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല