ഐക്യരാഷ്ട്ര സഭ ആദ്യമായി ഒരു സന്തോഷത്തിന്റെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഡെന്‍മാര്‍ക്കിന് ഒന്നാം സ്ഥാനം. കോസ്ററിക്കയും ഇസ്രയേലും യുഎഇയും മുന്നില്‍ നില്‍ക്കുമ്പോള്‍ പട്ടികയില്‍ പതിനെട്ടാമതാണ് ബ്രിട്ടന്റെ സ്ഥാനം. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹാഗനിലെ ജനങ്ങളാണ് സന്തോഷത്തിന്റെ കൊടുമുടിയില്‍ ജീവിയ്ക്കുന്നതെന്നാണ് പട്ടിയ്കയില്‍ നിന്നും വ്യക്തമാകുന്നത്. സന്തോഷത്തിന്റെ അടിസ്ഥാനം സമ്പത്തല്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് സമ്പന്ന രാഷ്ട്രമായ ബ്രിട്ടന്റെ ഇത്രയും താഴ്ന്ന റാങ്കിംഗ് എന്ന് വ്യക്തം.
യുകെയിലെ ശരാശരി ആളോഹരി വരുമാനത്തിന്റെ നാലിലൊന്ന് മാത്രമുള്ള കോസ്ററിക്ക റാങ്കിങ്ങില്‍ ബ്രിട്ടനേക്കാള്‍ ആറു പടി മുകളിലാണ് എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച കൂടുതലായതാണ് ബ്രിട്ടീഷ് ജനതയുടെ സന്തോഷം കുറയാന്‍ കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്കാന്‍ഡിനേവിയന്‍ ചുവയുള്ള ഡെന്‍മാര്‍ക്കിനു പിന്നില്‍ അതേ സംസ്കാരം വെച്ചുപുലര്‍ത്തുന്ന ഫിന്‍ലന്‍ഡ് ആണ് രണ്ടാമത്. ലോകത്തില്‍ ജീവിക്കാന്‍ പറ്റിയ സ്ഥലമെന്നു പ്രസിദ്ധമായ നോര്‍വേ മൂന്നാം സ്ഥാനം നേടിയതും ശ്രദ്ധേയമായി.
തണുപ്പിന്റെ കൂടാരമായ ഈ രാജ്യങ്ങള്‍ സംസ്കാരം, അഴിമതി രഹിതമായ പ്രവര്‍ത്തനം, പൊതുമര്യാദ തുടങ്ങിയ ശ്രേഷ്ഠമായ കാര്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു. ആഫ്രിക്കയിലെ ദരിദ്രവും യുദ്ധങ്ങളാല്‍ തകര്‍ക്കപ്പെട്ടതുമായ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും താഴെ. സിയറലിയോണും ടോഗോയും ഇക്കൂട്ടത്തില്‍പ്പെടുന്നു. പട്ടികയില്‍ പതിനൊന്നാമതാണ് ലോക നേതൃത്തിലുള്ള യുഎസിന്റെ സ്ഥാനം. കാനഡ, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ അതിലും മുകളിലാണ്. പത്തൊമ്പതാമതായി വെനിസ്വേലയുമുണ്ട്.
സാമ്പത്തിക രാജ്യമായ ജര്‍മനി പട്ടികയില്‍ വളരെ പിന്നിലാണ്. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 94 ആണ്. എന്നാല്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മാഫിയയുടെയും കൂത്തരങ്ങായ പാക്കിസ്താന്‍ ഇന്ത്യയേക്കാള്‍ സന്തോഷത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. ഒപ്പം ഇന്തോനേഷ്യയും ഭൂട്ടാനും ക്യൂബയും ഇറാനുമൊക്കെ ഇന്ത്യാക്കാരേക്കാള്‍ സന്തുഷ്ടരാണെന്നു യു.എന്‍. കണ്ടെത്തിയതിനാല്‍ പഠനത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടാല്‍ കുറ്റപ്പെടുത്താനാകില്ലെന്ന് ചില നിരീക്ഷകര്‍ പറയുന്നു.
2005 മുതല്‍ 2011 വര്‍ഷത്തിന്റെ പകുതിവരെയുള്ള സമയമെടുത്താണ് യു.എന്‍ ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 156 രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷമാണ് യുഎന്‍ അളന്നു കുറിച്ചത്.സാമ്പത്തിക മൂര്‍ധന്യത്തില്‍ ജീവിതശൈലി മാത്രമല്ല സാമൂഹ്യ വിശ്വാസവും നഷ്ടപ്പെടുമെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോകത്തിന്റെ പുതുശൈലികള്‍ സന്തോഷത്തിന്റെ കാവല്‍ക്കാരല്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. യുഎന്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ന്യൂയോര്‍ക്ക് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഡെവലപ്മെന്റ് എക്കണോമിസ്റായ ജെഫ്രി സാക്സും ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല