തന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത നടി തെന്നിന്ത്യന്‍ താരം ഹരിപ്രയ നിഷേധിച്ചു. കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി ബിഎസ്യെഡിയൂരപ്പയുടെ മകനുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തിലാണ് റെയ്ഡെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. യെഡിയൂരപ്പയുടെ മകനെയും തന്നെയും ചേര്‍ത്തുള്ള ഗോസിപ്പുകളില്‍ യാതൊരു കഴമ്പുമില്ലെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് യെഡിയൂരപ്പയുടെയും മക്കളുടേയും വസതികളില്‍ സിബിഐ.റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി യെഡിയൂരപ്പയുടെ ഇളയ മകന് വിജയേന്ദ്രയുടെ കാമുകിയായ ഹരിപ്രിയയുടെ വീട്ടിലും സി.ബി.ഐ. റെയ്ഡ് നടത്തിയെന്നുമായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്.
”ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോലെ എന്റെ വീട് സദാശിവ് നഗറിലല്ല. യശ്വന്ത്പൂറിലാണ് ഞാന്‍ താമസിക്കുന്നത്. എന്റെ വീടും സി.ബി.ഐ. നിരീക്ഷണത്തിലാണെന്ന് ചാനലുകളില്‍ വന്ന വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി യെഡിയൂരപ്പയെയോ അദ്ദേഹത്തിന്റെ രണ്ടു മക്കളെയോ എനിക്ക് പരിചയമില്ല. ഞാനുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കുന്ന യെഡിയൂരപ്പയുടെ മകന് വിജയേന്ദ്രയെ ഞാനിതുവരെ മുഖാമുഖം കണ്ടിട്ടു കൂടിയില്ല.
എന്റെ ഇമേജിനെ കരിവാരിത്തേക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമമാണ് ഈ അസത്യ വാര്‍ത്തകള്‍ക്കു പിന്നില്‍. ചില ടാബ്ളോയിഡു പത്രങ്ങളാണ് എന്നെയും വിജയേന്ദ്രയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ആദ്യമായി പടച്ചു വിട്ടത്. ചാനലുകള്‍ ഇതേറ്റു പിടിക്കുകയായിരുന്നു.
കണക്കില്‍പ്പെടാത്ത സമ്പത്തുള്ള വിജയേന്ദ്ര എനിക്ക് വീടും കാറുമുള്പ്പടെയുള്ള പ്രണയസമ്മാനങ്ങള്‍ നല്കിയിട്ടുള്ളതിനാലാണ് എന്റെ വീട്ടില്‍ സി.ബി.ഐ.റെയ്ഡ് നടത്താന്‍ പോകുന്നതെന്നാണ് .ചാനലുകളുടെ ആരോപണം. ഇതെല്ലാം പച്ചക്കള്ളമാണ്. വീടും കാറുമെല്ലാം സമ്പാദിച്ചത് ഞാന്‍ അദ്ധ്വാനിച്ചാണ്. നാലു തെന്നിന്ത്യന്‍ ഭാഷകളില്‍ തിരക്കുള്ള നടിയാണിന്ന് ഞാന്‍. എന്റെ വിജയത്തില്‍ അസൂയയുള്ള ചിലരാണ് എന്നെ തകര്‍ക്കാന്‍ മനപൂര്‍വ്വം ഇത്തരം തെറ്റായ വാര്‍ത്തകള്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നത്.” ഹരിപ്രിയ പറയുന്നു. റിലീസാകാനിരിയ്ക്കുന്ന ജയറാം ചിത്രമായ തിരുവമ്പാടി തമ്പാനില്‍ ഹരിപ്രിയയാണ് നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല