ബിനു ജോർജ് (ലണ്ടൻ): മഹാമാരിയുടെ രണ്ടാം വരവിൽ ലോകം സ്തംഭിച്ചു നിൽക്കുമ്പോൾ, ആശ്വാസഗീതവുമായി യുകെയിൽ നിന്നും ഒരു കരോൾ സംഘം. ഹാർമണി ഇൻ ക്രൈസ്റ്റ് എന്ന ഗായകസംഘമാണ് അതിശയിപ്പിക്കുന്ന വിർച്വൽ ഒത്തുചേരൽ സംഘടിപ്പിച്ച് കരോൾ ഗാനങ്ങൾ അവതരിപ്പിച്ചത്. ഡിസംബർ 20 ഞായറാഴ്ച ഗർഷോം ടിവിയിൽ റിലീസ് ചെയ്ത ‘എ സ്റ്റാറി നൈറ്റ് ‘ എന്ന കരോൾ ഗാനമാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്.
കേരളത്തിൽ നിന്നും യുകെ യുടെ വിവിധ ഭാഗങ്ങളിൽ വന്നു പാർക്കുന്ന ക്രിസ്തീയ ക്വയർ പാട്ടുകാരുടെ ഒരു ഒത്തുചേരലാണ് ഹാർമണി ഇൻ ക്രൈസ്റ്റ്. ദൈവീക സ്നേഹത്തിൽ അധിഷ്ഠിതമായ ഈ കൂട്ടായ്മയിൽ എല്ലാ സഭാവിഭാഗങ്ങളിൽ നിന്നും ഉള്ള, ക്രിസ്‌തീയ ഗാനങ്ങളെ അതിന്റെ തനതുശൈലിയിൽ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന അംഗങ്ങൾ ആണ്ഉള്ളത്.
മാർട്ടിൻ ലൂഥർ പറഞ്ഞതുപോലെ സംഗീതം പിശാചിനെ അകറ്റുകയും ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു; അതുവഴി അവർ എല്ലാ കോപവും, അഹങ്കാരവും മറക്കുന്നു. ഈ കൊയറിൽ അംഗങ്ങളായുള്ള എല്ലാവരും ഈ സത്യത്തെ തിരിച്ചറികയും, തങ്ങൾക്കു ലഭിച്ച താലന്തുകൾ സമൂഹ നന്മയ്ക്കും അതിലുപരി ദൈവനാമ മഹത്വത്തിനുമായി ഉപയോഗിക്കുന്നുവെന്ന് സെക്രട്ടറി അനൂപ് ചെറിയാൻ പറഞ്ഞു.
വളരെക്കാലങ്ങളായിട്ടു ഇങ്ങനെ ഒരു സ്വപ്നം മനസ്സിൽ താലോലിച്ചിരുന്ന ഒരു സംഘം സുഹൃത്തുക്കളുടെ സ്വപ്ന സാക്ഷാൽക്കാരത്തിന്റെ ഫലമാണ് ഈ പ്രോഗ്രാം. കോട്ടയം തുണ്ടയ്യത്ത് എന്ന സംഗീത കുടുംബത്തിൽ നിന്നും ഉള്ള ജോജി ജോസഫ്ന്റെ നേതൃത്വത്തിൽ ഒരു ടീം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. ഈ 2020 വര്ഷം ചരിത്രത്തിൽ എക്കാലവും ഓര്മപ്പെടുത്തുവാൻ തക്കവണ്ണം മനുഷ്യ രാശിയെ പിടിച്ചുലച്ച ഒരു വർഷമായിരുന്നിട്ടും അസാധ്യതകളുടെ മധ്യത്തിൽ സാധ്യതകളെ കണ്ടുപിടിക്കുവാൻ ഉപദേശിച്ച യേശുവിന്റെ ജനനം മനുഷ്യരുടെ മനസ്സുകളിൽ ആശ്വസവും പ്രത്യാശയും കൊണ്ടുവരുവാൻ ഉതകുന്ന ഒരു കരോൾ നടത്തണം എന്നുള്ള ഒരു ആശയത്തിൽ നിന്നും ആണ് ‘എ സ്റ്റാറി നൈറ്റ്’ എന്ന പ്രോഗ്രാമിന്റെ തുടക്കം.
വളരെ അധികം പരിശീലനം ഒത്തു ചേർന്ന് നടത്തേണ്ട ഒരു പരിപാടി ആയിരുന്നിട്ടും ഒത്തു ചേർന്നുള്ള പരിശീലനം അസാധ്യമായ ഈ കാലഘട്ടത്തിൽ വെർച്യുൽ ടെക്നോളജി യുടെയും മറ്റു ഓൺ ലൈൻ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഈ പ്രോഗ്രാം ചിട്ടപ്പെടുത്താൻ സാധിച്ചത് . ഇതിനു സഹായമാകും വിധം എല്ലാ അംഗങ്ങളുടെയും നിർലോഭമായ പങ്കാളിത്തം എടുത്തു പറയേണ്ടതാണെന്നും ഈ ഗാനോപഹാരം യാഥാർഥ്യമാകാൻ സഹായകരമായ വിധം മിക്സിങ്, എഡിറ്റിംഗ് സഹായങ്ങൾ നല്കിയ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും അനൂപ് പറഞ്ഞു.
വീഡിയോ കാണുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല