1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2021

സ്വന്തം ലേഖകൻ: ഇന്ത്യൻ മോഡലും പഞ്ചാബി നടിയുമായ ഹര്‍നാസ് സന്ധുവിന് 2021ലെ വിശ്വസുന്ദരിപ്പട്ടം. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വിശ്വ സുന്ദരിപ്പട്ടം ലഭിക്കുന്നത്. എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു ഹര്‍നാസ് സന്ധു മത്സരത്തിനായി ഇസ്രയേലിൽ എത്തിയത്.

2000ത്തിൽ ലാറ ദത്ത വിശ്വസുന്ദരിപ്പട്ടം നേടിയതിനു ശേഷം ഇതാദ്യമായാണ് മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയ്ക്ക് ലഭിക്കുന്നത്. പരാഗ്വേയേയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് 21കാരിയായ ഹര്‍നാസ് ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്.

പരാഗ്വേ മത്സരാർഥി നാദിയ ഫെറേര, ദക്ഷിണാഫ്രിക്കൻ സുന്ദരി ലലേല മസ്വേൻ എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇസ്രയേലിലെ ഏലിയറ്റിൽ വെച്ചായിരുന്നു ഇത്തവണത്തെ വിശ്വസുന്ദരി മത്സരം നടത്തിയത്. ഇന്നത്തെ യുവതികള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാൻ എന്തു സന്ദേശമാണ് നല്‍കുന്നത് എന്നായിരുന്നു ഹര്‍നാസിനോട് അവസാന റൗണ്ടിൽ ചോദിച്ച ചോദ്യം.

“അവനവനെ തന്നെ വിശ്വസിക്കുക എന്നതാണ് ഇന്നത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേയുള്ളൂ എന്നതാണ് നിങ്ങളുടെ സൗന്ദര്യം. അതുകൊണ്ട് നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തി ലോകത്തു നടക്കുന്ന മറ്റു പ്രധാനപ്പെട്ട കാര്യങ്ങളെപ്പറ്റി ചിന്തിക്കൂ. നിങ്ങള്‍ക്കു വേണ്ടി സംസാരിക്കൂ, കാരണം നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിലെ നേതാവ്. നിങ്ങളുടെ ശബ്ദം നിങ്ങള്‍ തന്നെയാണ്. ഞാൻ എന്നിൽ തന്നെയാണ് വിശ്വസിച്ചത്. അതുകൊണ്ടാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്.” ഹര്‍നാസ് മറുപടി നല്‍കി.

ഈ മറുപടിയോടു കൂടിയാണ് ഹര്‍നാസ് മിസ് യൂണിവേഴ്സ് കിരീടത്തോട് അടുത്തത്. ഈ വർഷത്തെ വിശ്വസുന്ദരി മത്സരത്തിലെ വിജയി ഇന്ത്യയാണെന്ന് പ്രഖ്യാപിച്ചതോടെ ഹർനാസിൻ്റെ കണ്ണുകൾ നിറഞ്ഞു. കൈകൂപ്പി സദസ്സിനെ വണങ്ങിക്കൊണ്ടാണ് ഹർനാസ് പ്രഖ്യാപനത്തെ വരവേറ്റത്. അവസാന റൌണ്ടിനു മുൻപായി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചോദ്യവും ഹർനാസ് കൃത്യമായി നേരിട്ടു. കാലാവസ്ഥാ വ്യതിയാനം മനുഷ്യൻ്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിൻ്റെ ഫലമാണെന്നും തനിക്കു സാധിക്കുന്നത്ര താൻ പരിസ്ഥിതിയ്ക്കു വേണ്ടി പ്രവർത്തിക്കുമെന്നും ഹർനാസ് മറുപടി നൽകി.

1994ലായിരുന്നു ഇന്ത്യയ്ക്ക് ആദ്യമായി മിസ് യൂണിവേഴ്സ് പട്ടം ലഭിച്ചത്. അന്ന് സുസ്മിത സെൻ ആയിരുന്നു വിശ്വസുന്ദരി. തുടർന്ന് ആറു വർഷത്തിനു ശേഷം ലാറ ദത്തയും വിശ്വസുന്ദരിയായി. മുൻപ് ഫെമിന മിസ് ഇന്ത്യ 2019 മത്സരത്തിൽ ഹര്‍നാസ് സന്ധു അവസാന 12 പേരുടെ റൗണ്ടിലെത്തിയിരുന്നു.. മിസ് ദിവ 2021, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 മത്സരങ്ങളിലും ഹര്‍നാസ് വിജയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.