സ്വന്തം ലേഖകൻ: രാജ പദവിയും കൊട്ടാര ആനുകൂല്യങ്ങളും ഉപേക്ഷിച്ച ഹാരി രാജകുമാരനും ഭാര്യ മേഗനും അടുത്ത വിവാദത്തിന് തിരി കൊളുത്തുന്നു. ബക്കിങ്ഹാം കൊട്ടാരത്തിൽ രാജ കുടുംബാംഗങ്ങളിൽ നിന്ന് താൻ അനുഭവിച്ച പീഡനങ്ങൾ തുറന്നു പറയുമെന്നാണ് ഏറ്റവും ഒടുവിൽ മേഗന്‍റെ ഭീഷണി. തന്നെക്കുറിച്ചും ഹാരി രാജകുമാരനെ കുറിച്ചും രാജകുടുംബം പച്ച നുണകൾ പ്രചരിപ്പിക്കുകയാണെന്നും ഓപ്റ വിൻഫ്രിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മേഗൻ തുറന്നടിച്ചു.
ഞായറാഴ്ച പൂർണ രൂപത്തിൽ പുറത്തു വിടാനിരിക്കുന്ന വിവാദ അഭിമുഖം രാജകുടുംബത്തെ മുൾമുനയിൽ നിർത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ വിഷയങ്ങളിൽ ഇനിയും മൗനം തുടരാൻ ഇഷ്ടമില്ലെന്നും വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അഭിമുഖത്തിൽ മേഗൻ പറയുന്നു.
വ്യാജ വാർത്തകൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് കെയ്റ്റ് രാജകുമാരിക്കും കാമില്ല രാജകുമാരിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളും മേഗൻ ഉന്നയിക്കുന്നു. അഭിമുഖത്തിൻ്റെ വാർത്തകൾ പുറത്തു വരും മുമ്പെ ഹാരിയേയും മേഗനേയും ഉന്നംവെച്ച് ബക്കിങ്ഹാം കൊട്ടാരം നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
മുൻ രാജകുടുംബ ജീവനക്കാരെ ഹാരി, മേഗൻ ദമ്പതികൾ നിരന്തരം ഭീഷണിപ്പെടുത്തിയതായും കണ്ണീർ കുടിപ്പിച്ചതായും കൊട്ടാര വൃത്തങ്ങൾ ആരോപപിച്ചു. ഇത് സംബന്ധിച്ച് 2018ൽ തന്നെ ജീവനക്കാർ പരാതി നൽകിയതാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വിഷയത്തിൽ കൊട്ടാര വൃത്തങ്ങൾ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, ഞായറാഴ്ച പുറത്തു വരാനിരിക്കുന്ന അഭിമുഖം ബ്രിട്ടനിൽ വിവാദമാകാതിരിക്കാൻ കൊട്ടാരം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാകാം ആരോപണമെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച്ചയാണ് അഭിമുഖത്തിൻ്റെ പൂർണ രൂപം ബ്രിട്ടനിൽ സംപ്രേക്ഷണം ചെയ്യുന്നത്.
2018 മേയിൽ വിവാഹിതരായ ഹാരിയും മെഗനും കഴിഞ്ഞ വർഷം മാർച്ചിലാണ് ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച് കാലിഫോർണിയയിലേക്ക് മാറിയയത്. കൊട്ടാരം നൽകുന്ന ആനുകൂല്യങ്ങൾ വേണ്ടെന്നും ഇവർ അറിയിച്ചു. കഴിഞ്ഞ മാസത്തോെട രാജകുടുംബവുമായി ബന്ധപ്പെട്ട് ഇവരുടെ വശമുണ്ടായിരുന്നതെല്ലാം കൈമാറുകയും ചെയ്തു. രാജകുടുംബം തനിക്ക് പലതും അനുവദിച്ചു തരാൻ താൽപര്യം കാണിച്ചിരുന്നില്ലെന്ന് നേരത്തെ മെഗൻ സൂചിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല