ലണ്ടന്‍: പൊതുജന താല്‍പ്പര്യാര്‍ത്ഥമാണ് തങ്ങള്‍ ഹാരി രാജകുമാരന്റെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന സണ്‍ ദിനപത്രത്തിന്റെ അവകാശവാദം തെറ്റാണന്ന് കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട്. വിവാദപരമായ ചിത്രങ്ങള്‍ ദിനപത്രങ്ങളില്‍ അച്ചടിച്ച് വരുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്നും ഹണ്ട് പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് എഡിറ്റര്‍മാരാണന്നും ഹണ്ട് ചൂണ്ടിക്കാട്ടി. സണിന്റെ നടപടിയെ ന്യായീകരിച്ച് മാധ്യമ രാജാവ് റൂപെര്‍ട്ട് മര്‍ഡോക് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഹണ്ടിന്റെ പ്രതികരണം.
സണിന്റെ നടപടിയില്‍ തെറ്റില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് ഫോട്ടോ പ്രസിദ്ധീകരിച്ചതെന്നുമായിരുന്നു മര്‍ഡോകിന്റെ ട്വീറ്റ്. ഹാരി രാജകുമാരനെ പൊതുജനങ്ങള്‍ ഇഷ്ടപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ ലാസ് വാഗാസ് പാര്‍ട്ടി ചിത്രങ്ങള്‍ കാണാനും ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകുമെന്നും മര്‍ഡോക് പറഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാത്ത ഇന്റര്‍നെറ്റും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന പത്രങ്ങളും ചേരുമ്പോള്‍ ഫലത്തില്‍ പത്രങ്ങള്‍ ഇല്ലാതാവുകയാണന്ന സമവാക്യവും അദ്ദേഹം മുന്നോടട്ടുവച്ചു.
എന്നാല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പൊതുജനങ്ങളുടെ താല്‍പ്പര്യം എന്ന വാദം ഹണ്ട് തളളിക്കളഞ്ഞു. വിവാദപരമായ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ യാതൊരു പൊതുജന താല്‍പ്പര്യവുമില്ല. അതൊരു മാര്‍ക്കറ്റിങ്ങ് തന്ത്രമാണ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് മീഡിയയോട് ഇന്നത് മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുളളൂ എന്ന് പറയാനാവില്ല. ഒരു പത്രത്തിന്റെ എഡിറ്ററാണ് എന്ത് പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിക്കുന്നത്. ചെറിയ കാലയളവിലേക്ക് ഇത് ചലനമുണ്ടാക്കിയേക്കാം. എന്നാല്‍ ആളുകള്‍ ഹാരി രാജകുമാരനെ ഓര്‍ക്കുന്നത് അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളിലൂടെയാകും – ഹണ്ട് പറഞ്ഞു.
രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം പരീക്ഷിക്കപ്പെടുന്ന ഫോട്ടോഗ്രാഫുകളാണ് ഇതെന്നായിരുന്നു സണ്‍ വിവാദത്തോട് പ്രതികരിച്ചപ്പോള്‍ പറഞ്ഞത്. പൊതുജനങ്ങളുടെ താല്‍പ്പര്യത്തെയാണ് തങ്ങള്‍ വിലമതിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം നടത്തിയ ലോര്‍ജ് ജസ്റ്റിസ് ലെവിസണിന് മര്‍ഡോകിന്റെ വക ഒരു മുന്നറിയിപ്പാണ് പുതിയ വാദങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ വിവാദത്തോട് പ്രതികരിക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഫോട്ടോ പ്രസിദ്ധീകരിക്കാനുളള തീരുമാനം തന്റേതായിരുന്നു എന്ന ആരോപണം മര്‍ഡോക് തള്ളിക്കളഞ്ഞു. മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ജോണ്‍ പ്രസ്‌കോട്ടിന് നല്‍കിയ ട്വീറ്റിലാണ് ആരോപണം മര്‍ഡോക് നിഷേധിച്ചത്. ഫോട്ടോ പ്രസിദ്ധീകരിക്കാനുളള തീരുമാനം പൂര്‍ണ്ണമായും എഡിറ്ററുടേത് ആയിരുന്നു. ഞാനതിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത് – മര്‍ഡോക് ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല