സ്വന്തം ലേഖകന്‍: ‘എന്റെ ആദ്യത്തെ ശമ്പളം 225 രൂപ, ഞാന്‍ ഇപ്പോഴും താമസിക്കുന്നത് വാടക വീട്ടില്‍,’ നിവിന്‍ പോളിയുടേയും ദുല്‍ക്കറിന്റേയും നായിക ജീവിതം പറയുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ പുതുതരംഗമായ നടി ഐശ്വര്യ രാജേഷാണ് തന്റെ ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ച് തുറന്ന പറയുന്നത്. നിവിന്‍ പോളിയോടൊപ്പം സഖാവിലും ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്റെയും നായികയായി മലയാളികള്‍ക്ക് പരിചിതയാണ് ഐശ്വര്യ.
ഐശ്വര്യ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് ആരാധകരെ ഞെട്ടിക്കുന്ന പല കാര്യങ്ങളും തുറന്നു പറയുന്നത്. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍. ‘കുടുംബത്തെ സഹായിക്കണമെന്ന ആഗ്രഹത്താല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്റെ ആദ്യത്തെ ശമ്പളം 225 രൂപയായിരുന്നു. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കസ്റ്റമേഴ്സിനെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയായിരുന്നു ജോലി. പിന്നീട് ടൈഡല്‍ പാര്‍ക്കില്‍ പുതിയ ഉത്പന്നങ്ങളുടെ ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. അവിടെ നിന്നും 400 രൂപ പ്രതിഫലം കിട്ടി.’
‘തുടര്‍ന്നു പിറന്നാള്‍ പാര്‍ട്ടികളില്‍ അതിഥികളെ സ്വീകരിക്കാനും ഡാന്‍സ് ഷോകളില്‍ അവതാരികയായും മറ്റുമൊക്കെ ജോലി ചെയ്തു. അതുവഴി മാസം 4,000 രൂപവരെ സമ്പാദിക്കാന്‍ കഴിഞ്ഞു. കൂടുതല്‍ പണം സമ്പാദിക്കണം എന്നു തോന്നിയപ്പോഴാണ് ചിലര്‍ സീരിയല്‍ അഭിനയത്തെ കുറിച്ച് പറഞ്ഞത്. അങ്ങനെ സീരിയലില്‍ അഭിനയിക്കാന്‍ ചാന്‍സ് സംഘടിപ്പിച്ചു. പക്ഷേ എനിക്ക് കിട്ടിയത് ആയിരവും രണ്ടായിരവും രൂപ. മറ്റുപലരും 20,000 രൂപവരെ പ്രതിഫലം വാങ്ങിക്കുമ്പോഴായിരുന്നു അത്. പിന്നീട് ഞാനറിഞ്ഞു സിനിമയില്‍ നിന്നും സീരിയലില്‍ എത്തിയവരാണ് അത്രയും തുക വാങ്ങുന്നതെന്ന്. അപ്പോഴാണ് സിനിമയില്‍ അഭിനയിക്കണം എന്ന മോഹം ഉണ്ടാകുന്നത്.’
‘എല്ലാ ദിവസവും ഞാന്‍ ഒരോ നിര്‍മാണ കമ്പനികളുടെ ഓഫിസില്‍ പോകുമായിരുന്നു. നിരവധി ഒഡീഷനുകളില്‍ പങ്കെടുത്തു. പലരും വാഗ്ദാനം നല്കിയതല്ലാത്തെ അവസരം തന്നില്ല. പിന്നീട് ചെറിയ ചെറിയ വേഷങ്ങള്‍ കിട്ടിത്തുടങ്ങി.’ കാക്കമുട്ടൈയില്‍ ശ്രദ്ധേയമായ വേഷം കിട്ടിയെങ്കിലും അതു കഴിഞ്ഞ് ഒരുവര്‍ഷത്തിനുമേല്‍ തനിക്ക് ഒരു അവസരം പോലും സിനിമയില്‍ നിന്നും കിട്ടിയില്ലെന്നും ഐശ്വര്യ പറയുന്നു. ‘കാക്കമുട്ടൈയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കരുതിയത് എന്റെ കഷ്ടപ്പാടുകളെല്ലാം തീര്‍ന്നെന്നാണ്. പക്ഷേ അതുണ്ടായില്ല. എന്നാലും നല്ല വേഷങ്ങള്‍ തേടിവരുമെന്നു കരുതി കാത്തിരുന്നു. അതിനെന്തായാലും ഫലം ഉണ്ടായി.’
‘ഇപ്പോള്‍ ഗൗതം മോനോന്റെയും വെട്രിമാരന്റെയും സിനിമകളിലെ നായികയായി ഞാന്‍ അറിയപ്പെടുന്നു. വലിയ നായികമാരുടെ നിരയിലേക്ക് എന്നെയും പലരും കാണുന്നു. പക്ഷേ അതിനനുസരിച്ചുള്ള പ്രതിഫലം എനിക്ക് കിട്ടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം,’ അഭിമുഖത്തില്‍ ഐശ്വര്യ വെളിപ്പെടുത്തുന്നു. ‘ഈ വര്‍ഷം എന്റെ നാലു സിനിമകള്‍ ഇറങ്ങി. പക്ഷേ ഞാനിപ്പോഴും സ്വന്തമായി ഒരു വീടില്ലാത്ത നായികയാണ്. ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. ഒരു ഐ10 കാര്‍ ആണ് എനിക്കുള്ളത്. പക്ക കച്ചവട സിനിമകളില്‍ അഭിനയിച്ചാല്‍ ഒരുപക്ഷേ എനിക്ക് വലിയ ശമ്പളം കിട്ടുമായിരിക്കും.’
‘പക്ഷേ, നല്ല സിനിമകള്‍ ചെറിയ പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നായിരിക്കും ഉണ്ടാവുക. മികച്ച കഥാപാത്രങ്ങളാണു വേണ്ടതെങ്കില്‍ വലിയ പ്രതിഫലം കിട്ടണമെന്നില്ല. നല്ല റോളും അതേസമയം അതൊരു വന്‍ ബഡ്ജറ്റ് സിനിമയുമായെങ്കില് മാത്രമെ ഞാന്‍ സ്വപ്നം കാണുന്ന പ്രതിഫലം എനിക്ക് വാങ്ങാന്‍ കഴിയൂ. സിനിമയില്‍ ഞാനൊരു തുടക്കക്കാരിയാണ്. നല്ല കഥാപാത്രങ്ങള്‍ ചെയ്യുകയാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം,’ ഐശ്വര്യ വ്യക്തമാക്കുന്നു.
എന്തായാലും ഐശ്വര്യയുടെ കഷ്ടകാലം തീര്‍ന്ന മട്ടാണ്. തമിഴില്‍ ഗൗതം മേനോന്റെ ധ്രുവനച്ചിത്രത്തില് വിക്രമിനൊപ്പവും വെട്രിമാരന്റെ വട ചെന്നൈയില്‍ ധനുഷിനൊപ്പവും അഭിനയിക്കുകയാണ് ഐശ്വര്യയിപ്പോള്‍. മാത്രമല്ല, പാടുപെട്ട് തമിഴ് സംസാരിക്കുന്ന മറുഭാഷാ ഗ്ലാമര്‍ നായികമാര്‍ക്കിടയില്‍, തമിഴിന്റെ മണമുള്ള, അഭിനയിക്കാന്‍ അറിയുന്ന നടിയെന്ന വിശേഷണം ഐശ്വര്യ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല