സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ നീക്കം, പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രി. ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
ഹര്‍ത്താല്‍ നിയന്ത്രണത്തെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. പൊതുജനങ്ങളില്‍ നിന്നും ധാരാളം പരാതികള്‍ ലഭിക്കുന്നതായി തന്റെ പോസ്റ്റില്‍ ആഭ്യന്തരമന്ത്രി പറയുന്നു. ഇതിനായുള്ള കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.
ഹര്‍ത്താല്‍ നിയന്ത്രണ ആക്ട് എന്ന പേരിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാനുതകുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തുക എന്നതാണ് ബില്ലു കൊണ്ട് ഉദ്ദേശിക്കുന്നത്.
മൂന്ന് ദിവസം മുമ്പെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് കുറ്റകരമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചാല്‍ ആറു മാസം വരെ തടവോ പതിനായിരം രൂപ പിഴയോ ആണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്ന ശിക്ഷ.
ആക്രമ സാധ്യതയുണ്ടെങ്കില്‍ സര്‍ക്കാരിന് ഹര്‍ത്താലിനുള്ള ഹര്‍ത്താലിനുള്ള അനുമതി നിഷേധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ബില്‍ പ്രകാരം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ചുമതല പോലീസിനാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല