തിരുവനന്തപുരം:ഒരിക്കല്‍ക്കൂടി കേരളത്തിലെ ഹര്‍ത്താല്‍ ആചരണം ബന്ദായി മാറി. ഡീസല്‍വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികളും ബി.ജെ.പി.യും നടത്തിയ ഹര്‍ത്താലിന് സംസ്ഥാനമാകെ ബന്ദിന്റെ പ്രതീതിയായിരുന്നു. യാത്രക്കാരില്ലാത്തതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഉച്ചവരെ ഓടിയില്ല.
ഹര്‍ത്താല്‍വിവരമറിയാതെ ദൂരദിക്കുകളില്‍നിന്ന് വിവിധനഗരങ്ങളില്‍ ട്രെയിനിലെത്തിയ യാത്രക്കാരെ പോലീസ് ബസ്സ്റ്റാന്‍ഡിലെത്തിച്ചിട്ടും ഉച്ചവരെ യാത്രക്കാര്‍ കാത്തിരിപ്പ് തുടര്‍ന്നു. നഗരത്തില്‍ കടകള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ഓഫീസുകളിലും ഹാജര്‍നില കുറവായിരുന്നു. വാഹനങ്ങള്‍ ഓടിയില്ല. പാലക്കാട് വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട് അതിര്‍ത്തികളില്‍ ചരക്കുലോറികള്‍ നിരയായി കിടന്നു. ഹര്‍ത്താല്‍തുടങ്ങുംമുമ്പ് അതിര്‍ത്തികടക്കാനുള്ള ശ്രമത്തില്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ രണ്ടുമണിക്കൂറോളം ഗതാഗതക്കുരുക്കനുഭവപ്പെട്ടു.
പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ടതുകാരണം ഹര്‍ത്താലില്‍ ജനം വലഞ്ഞു. ട്രെയിനുകളിലും വിമാനങ്ങളിലും മറ്റും വന്നിറങ്ങിയവര്‍ ഓട്ടോറിക്ഷകളും കാറും ബസും കിട്ടാതെ വലഞ്ഞു. പലരും നടന്നും ഇരുചക്രവാഹനങ്ങളെ ആശ്രയിച്ചുമാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ 27 ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്. സംസ്ഥാനത്തെ മൊത്തം സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില 30 ശതമാനം മാത്രമായിരുന്നു. ബാങ്കുകളെയും തലസ്ഥാനത്തെ ഐ.ടി. കേന്ദ്രമായ ടെക്‌നോപാര്‍ക്കിനെയും ഹര്‍ത്താല്‍ ബാധിച്ചു.
ആറ്റിങ്ങലില്‍ നഗരസഭ ഓഫീസിന് സമീപം കടയ്ക്കുനേരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ കല്ലേറുനടത്തി. കടയുടമയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു. കാട്ടായിക്കോണം, പോങ്ങുംമൂട്, വേങ്ങോട് എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയില്‍ വേഴ്‌യ്ക്കാപള്ളിക്ക് സമീപം കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസ്സിനുനേരെ കല്ലേറുണ്ടായി. നിയന്ത്രണംവിട്ട ബസ് സമീപത്തുള്ള കെട്ടിടത്തില്‍ ഇടിച്ചുനിന്നു. െ്രെഡവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. കൂത്താട്ടുകുളത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ ലോറി കെട്ടിവലിച്ച് പ്രകടനം നടത്തി. മലപ്പുറം ജില്ലയില്‍ മോങ്ങത്ത് പോസ്‌റ്റോഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
ഇടുക്കിയില്‍ കളക്ടറേറ്റില്‍ 36 ശതമാനം പേര്‍ ജോലിക്കെത്തി. മൂന്നാര്‍, തേക്കടി, വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിശ്ചലമായി. ആലപ്പുഴയില്‍ പാണാവള്ളി, പുളിങ്കുന്ന്, കാവാലം എന്നിവിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ യാത്രാബോട്ടുകള്‍ പിടിച്ചുകെട്ടി. കോട്ടയം കളക്ടറേറ്റില്‍ 180 ജീവനക്കാരില്‍ 30 പേരാണ് ജോലിക്കെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല