ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. അതിനിടെ ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്ക് അയച്ചു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുജീബ് റഹ്മാനാണ് ജയരാജനെ റിമാന്‍ഡ് ചെയ്തത്.
പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ സിപിഎമ്മിന്റെ പ്രതിഷേധം അക്രമങ്ങളിലേക്ക് വഴുതുകയാണ്.. ജയരാജനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിലേക്ക് കൊണ്ടുപോയ വാഹനത്തിന് നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയിരുന്നു.
ഇതിനുപിന്നാലെ കണ്ണൂര്‍ എസ്പിയുടെ വാഹനത്തിന് നേര്‍ക്കും ഫോറന്‍സിക് ലാബിനു നേര്‍ക്കും ട്രാഫിക് സ്റ്റേഷന് നേര്‍ക്കും കല്ലേറുണ്ടായി. അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡും പ്രയോഗിച്ചു. കോടതിക്ക് പുറത്ത് പോലീസ് ശക്തമായ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നഗരത്തില്‍ പലയിടത്തും അക്രമങ്ങള്‍ തടയുന്നതിനാവശ്യമായ പോലീസിനെ വിന്യസിച്ചിട്ടില്ല. സിപിഎം ശക്തികേന്ദ്രങ്ങളില്‍ മാത്രമാണ് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുന്നത്.നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് ജയരാജന്‍ രാവിലെ ചോദ്യം ചെയ്യലിനായി സിഐ ഓഫീസിലേക്ക് വന്നത്.
ഇതിനിടെ, നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കണ്ണൂരില്‍ അക്രമം നടക്കുന്നുണ്ടെന്ന എഡിജിപി രാജേഷ് ദിവാന്‍റെ നിരീക്ഷണത്തെ തുടര്‍ന്ന് കണ്ണൂരില്‍ കേന്ദ്രസേന എത്തി.
ദ്രുതകര്‍മസേനയുടെ രണ്ടു കമ്പനിയാണ് കണ്ണൂരില്‍ ഇറങ്ങിയിരിക്കുന്നത്. ഇവരെ ജില്ലയിലെ വിവിധ സംഘര്‍ഷ മേഖലകളിലായി വിന്യസിക്കും. ജില്ലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന്‍ ബുധനാഴ്ച വൈകുന്നേരത്തോടെ കണ്ണൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
പാല്‍, പത്രം തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന എല്ലാ പരീക്ഷകളും സംസ്ഥാനത്തെ സര്‍വകലാശാലകള്‍ മാറ്റിയിട്ടുണ്ട്. പാര്‍ട്ടിയിലെ സമുന്നതനായ നേതാവിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം നടത്തുന്ന ഹര്‍ത്താല്‍ കേരളത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല