1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2017

സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കത്തിനു പിന്നാലെ ഹൂസ്റ്റണ്‍ നിവാസികളെ വലച്ച് കള്ളന്മാരും, നഗര്‍ത്തില്‍ കര്‍ഫ്യൂ, ചുഴലിക്കാറ്റില്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഹാര്‍വി ചുഴലിക്കാറ്റ് കാറ്റഗറി നാലായി രൂപം പ്രാപിച്ച് ടെക്‌സസിലെ കോര്‍പ്പസ് ക്രിസ്റ്റിയിലാണ് ആഞ്ഞടിച്ചതെങ്കിലും മഴയും കാറ്റും വെള്ളപ്പൊക്കവും ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമാണ് നാശം വിതച്ചത്. അതിനിടെ വെള്ളപ്പൊക്കത്തില്‍ താമസക്കാര്‍ ഒഴിഞ്ഞുപോയ വീടുകളില്‍ മോഷ്ടാക്കളുടെയും ശല്യം രൂക്ഷമായതോടെ ഹൂസ്റ്റണ്‍ നഗരത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ദിവസവും അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. സംശയാസ്പദമായ സാഹചര്യത്തില്‍ ഈ സമയത്ത് പുറത്തു കാണുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മേയര്‍ സില്‍വസ്റ്റര്‍ ടേണര്‍ അറിയിച്ചു. അതേസമയം രഷാപ്രവര്‍ത്തകരെയും ദുരിതാശ്വാസ പ്രവര്‍ത്തരെയും രാത്രി ഷിഫ്റ്റില്‍ ജോലി നോക്കുന്നവരെയും ദുരിതാശ്വാസ ക്യാംപ് തേടിയെത്തുന്നവരെയും കര്‍ഫ്യൂവില്‍ നിന്ന് ഇളവു ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ജ്‌ന അഞ്ചു ദിവസമായി കനത്ത മഴ തുടരുന്ന ഹൂസ്റ്റണിലും ടെക്‌സസിലെ മറ്റു പ്രദേശങ്ങളിലും. പതിനായിരക്കണക്കിനു പേരാണ് വീടു വിട്ട് ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറിയത്. ഈ അവസരം മുതലാക്കിയാണ് കള്ളന്മാര്‍ ഇറങ്ങിയിരിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടേറെ മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ആയുധധാരികളായ മോഷ്ടാക്കളെ പലയിടത്തും തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. 14 കള്ളന്മാര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്.

ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്റുമാരാണെന്ന വ്യാജേന വീടുകളിലെത്തുന്നവരെ കരുതിയിരിക്കണമെന്നും പൊലീസിന്റെ മുന്നറിയിപ്പുണ്ട്. ആഞ്ഞ് വീശുന്ന ഹാര്‍വി ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ജീവനെടുത്തു. ടെക്‌സസ് എ.എം സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് പി.ജി വിദ്യാര്‍ഥിയും ജയ്പൂര്‍ സ്വദേശിയുമായ നിഖില്‍ ബാട്ടിയ ആണ് മരിച്ചത്. നിഖില്‍ ബാട്ടിയും സുഹൃത്ത് ഷാലിനി സിംഗും കഴിഞ്ഞ ദിവസം ടെക്‌സസിലെ ബ്രയാന്‍ തടാകത്തില്‍ നീന്താന്‍ പോയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.

പരുക്കേറ്റ ഡല്‍ഹി സ്വദേശി ഷാലിനി സിംഗ് ചികിത്സയിലാണ്. വെള്ളപ്പൊക്കത്തില്‍ കുടങ്ങിയ ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ 200 വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏകദേശം 100,000 ഇന്ത്യന്‍ വംശജര്‍ ഹൂസ്റ്റണ്‍ ഭാഗത്ത് പ്രളയത്തില്‍ പെട്ടിരിക്കാമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 20 പേര്‍ കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.