സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസിനെ പിടിച്ചു കുലുക്കി ഹാര്‍വെ ചുഴലിക്കാറ്റ്, കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്, മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയില്‍. . വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ദക്ഷിണ ടെക്‌സസില്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത്. വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയിലാണ് കാറ്റിന്റെ സംഹാര താണ്ഡവം.
കാറ്റഗറി നാലില്‍ പെടുന്ന ഹാര്‍വെ മണിക്കൂറില്‍ 130 മൈല്‍ വേഗതയിലാണ് വീശിയടിക്കുന്നത്. യു.എസില്‍ ഒരു പതിറ്റാണ്ടിനിടെ എത്തിയ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റുകളില്‍ ഒന്നാണ് ഹാര്‍വെ. പോര്‍ട്ട് അരന്‍സാസ്, പോര്‍ട് ഒ കോണറിനും മധ്യേ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഹാര്‍വെ കടന്നുപോയത്. ഇതോടെ മേഖലയില്‍ വലിയ മണ്ണിടിച്ചിലും ശക്തമായ മഴയും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹാര്‍വെ കടന്നുപോകുന്ന വഴിയില്‍ 58 ലം പേര്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്.
ചുഴലിക്കാറ്റിനൊപ്പം വെള്ളപ്പൊക്കവും മറ്റ് പ്രകൃതിദുരന്തങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പലരും ഇതിനകം തന്നെ സ്വമേധയാ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഭക്ഷണവും ഇന്ധനവും മറ്റ് അത്യാവശ്യ സാധനങ്ങളുമായാണ് ആളുകള്‍ ഒഴിഞ്ഞുപോകുന്നത്. അയ്യായിരത്തോളം കുടുംബങ്ങളോട് ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ചിലര്‍ ഒഴിഞ്ഞു പോകുവാന്‍ കൂട്ടാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ജനങ്ങളുടെ കൈത്തണ്ടയില്‍ സാമൂഹ്യസുരക്ഷാ നമ്പറുകള്‍ അടയാളപ്പെടുത്തുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ടെക്‌സാസിലെ തുറമുഖനഗരമായ റോക്ക് ഫോര്‍ട്ട് പൂര്‍ണമായും കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടു. ഇവിടെ വൈദ്യുതിബന്ധം പാടേ താറുമാറായി.രണ്ടേ കാല്‍ ലക്ഷം ജനങ്ങള്‍ ഇരുട്ടിലാണ്.
വെള്ളപ്പൊക്കം 13 അടിയോളം ഉയര്‍ന്നു. കാറ്റില്‍ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. വൈദ്യുത പോസ്റ്റുകളും തെരുവില്‍ മരങ്ങളും തലങ്ങും വിലങ്ങും പുഴകി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. യുഎസില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഹൂസ്റ്റണില്‍ ജനങ്ങളോടു ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല