സ്വന്തം ലേഖകന്‍: ഹരിയാനയില്‍ ബിജെപി പ്രസിഡന്റിന്റെ മകന്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസ് ഒതുക്കാന്‍ ശ്രമം, പെണ്‍കുട്ടി രാത്രിയില്‍ പുറത്തിറങ്ങിയത് എന്തിനെന്ന് ബിജെപി നേതാവ്. ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ് പൊലീസിനെ സ്വാധീനിച്ചും രാഷ്ട്രീയ സമ്മര്‍ദത്തിലൂടെയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും സജീവമാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയും സുഹൃത്ത് ആശിഷ്‌കുമാറും ചേര്‍ന്നാണ് വെള്ളിയാഴ്ച രാത്രി കാറില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയെ ത്തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടു. തട്ടിക്കൊണ്ടുപോകലിന് ഐപിസി 365, ഗുരുതരമായ കുറ്റകൃത്യം ചെയ്യാനുള്ള ശ്രമത്തിന് ഐപിസി 511 വകുപ്പുകള്‍ ചുമത്തേണ്ടതായിരുന്നു.
എന്നാല്‍ നിസ്സാര വകുപ്പുകള്‍മാത്രമാണ് ചുമത്തിയത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. ചണ്ഡീഗഡ് സെക്ടര്‍ ഏഴുമുതല്‍ ഹൌസിങ്‌ബോര്‍ഡ് ട്രാഫിക്കുവരെയുള്ള റോഡിലെ പത്ത് സിസിടിവി ക്യാമറകള്‍ ഒരുമിച്ച് പണിമുടക്കിയെന്ന വാദം അവിശ്വസനീയമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ വിഷയമാണ് ഇതെന്നും മകന്റെ കുറ്റത്തിന് ബിജെപി പ്രസിഡന്റിനെ കുറ്റംപറയേണ്ടന്നുമാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ പ്രതികരണം.
രാത്രി പെണ്‍കുട്ടി പുറത്തുപോയതും ഒറ്റയ്ക്ക് കാറോടിച്ചതും ശരിയായില്ലെന്നുള്ള വാദവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാംവീര്‍ ഭാട്ടിയും രംഗത്തെത്തി. സുഭാഷ് ബറാലയുടെ ബന്ധു കുല്‍ദീപ് ബറാലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ സ്വഭാവഹത്യ നടത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണവും ശക്തമാന്. കേസുമായി ഏതറ്റംവരെയും പോകുമെന്ന് പെണ്‍കുട്ടി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
മകളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും പെണ്‍കുട്ടിയുടെ പിതാവായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി കാറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ മദ്യ ലഹരിയിലായിരുന്ന വികാസ് ബറാലയും സുഹൃത്തുക്കളും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയുടെ കാര്‍ ഇടിച്ചുതെറിപ്പിക്കാനും ശ്രമിച്ചു.
ഏഴ് കിലോമീറ്ററോളം പിന്തുടര്‍ന്നശേഷം ട്രാഫിക് പോയിന്റില്‍ പെണ്‍കുട്ടിയുടെ കാറിനു മുന്നില്‍ പ്രതികള്‍ വാഹനം നിര്‍ത്തിയിട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാനും ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സഹായത്തിനെത്തുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ബലാത്സംഗം കൊണ്ട് രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനെ തുടര്‍ന്നാണ് പ്രശ്‌നം ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല