സ്വന്തം ലേഖകൻ: ലൈംഗികാതിക്രമപരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഹരിയാണ കായികമന്ത്രി സന്ദീപ് സിങ് രാജിവെച്ചു. വനിതാ ജൂനിയര്‍ അത്‌ലറ്റിക് കോച്ചാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. സന്ദീപ് സിങ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ ആരോപണം സന്ദീപ് സിങ് നിഷേധിച്ചു. തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് പരാതികൊണ്ട് ലക്ഷ്യമിടുന്നതെന്നും സന്ദീപ് സിങ് ആരോപിച്ചു.
“എന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. എനിക്കെതിരെയുള്ള വ്യജ ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നാണ് വിശ്വാസം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കായികവകുപ്പിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് കൈമാറുകയാണ്”, സന്ദീപ് സിങ് പറഞ്ഞു.
ബി.ജെ.പി. സര്‍ക്കാരിലെ മന്ത്രിയും മുന്‍ ദേശീയ ഹോക്കി താരവുമായ സന്ദീപ് സിങ്ങിനെതിരേ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെ പോലീസിലും പരാതി നല്‍കിയിരുന്നു.
ജിംനേഷ്യത്തില്‍വെച്ചാണ് സന്ദീപ് സിങ് ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ അയക്കുകയും നേരിട്ട് കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ ചില അനിശ്ചിതത്വങ്ങളുണ്ടെന്നും നേരിട്ടുകാണണമെന്നുമായിരുന്നു ആവശ്യം. മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്കാണ് വിളിച്ചുവരുത്തിയത്. രേഖകളുമായി എത്തിയ തന്നോട് മന്ത്രി ലൈംഗികാതിക്രമം നടത്തിയെന്നാണ് കോച്ചിന്റെ ആരോപണം.
വീട്ടിലെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കാബിനിലേക്കാണ് കൊണ്ടുപോയത്. തന്റെ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഒരു മേശയില്‍വെച്ച ശേഷം മന്ത്രി തന്റെ കാലില്‍ സ്പര്‍ശിച്ചു. ആദ്യം കണ്ടതുമുതല്‍ ഇഷ്ടമായെന്നും തന്നെ എല്ലായ്‌പ്പോഴും സന്തോഷവതിയാക്കാമെന്നുമായിരുന്നു പിന്നീട് മന്ത്രി പറഞ്ഞത്. ഇതോടെ താന്‍ കൈ തട്ടിമാറ്റി. എന്നാല്‍ മന്ത്രി തന്റെ ടീഷര്‍ട്ട് വലിച്ചുകീറുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിക്കാരി ആരോപിച്ചത്. ബഹളംവെച്ചിട്ടും അവിടെയുണ്ടായിരുന്ന ഒരു ജീവനക്കാരന്‍ പോലും രക്ഷിക്കാനെത്തിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം, യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രി സന്ദീപ് സിങ്ങിന്റെ പ്രതികരണം. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുള്ളത്. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് യുവതിക്കെതിരേ പരാതി നല്‍കുമെന്നും സന്ദീപ് സിങ് പറഞ്ഞു.
വനിതാ കോച്ചിന്റെ പീഡനപരാതിയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഹരിയാണ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍നിന്ന് സന്ദീപ് സിങ്ങിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തയ്യാറാകണമെന്നായിരുന്നു ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ ആവശ്യം. സംഭവത്തില്‍ അന്വേഷണം നടത്താനായി പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല