സ്വന്തം ലേഖകന്‍: നഗ്‌നനായെത്തി യുവതിയെ കടന്നുപിടിച്ച കേസില്‍ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവും പിഴയും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദിനാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മൂന്നര വര്‍ഷത്തെ തടവുശിക്ഷയും 40,000 രൂപ പിഴയും വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയമാണ് താനെന്ന് പ്രതിയായ ഹാഷിര്‍ മുഹമ്മദ് കോടതിയെ അറിയിച്ചതിനാലും പ്രതി മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതിനാലും കോടതി ശിക്ഷാ ഇളവു നല്‍കി. ശിക്ഷ ഒരുമിച്ച് രണ്ടു വര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.
2014 ഫെബ്രുവരി 28 ന് കൊച്ചിയിലെ മരടിലുളള ഫ്‌ലാറ്റില്‍ വച്ച് സമീപത്തെ ഫ്‌ലാറ്റില്‍ താമസിച്ച യുവതിയെ നഗ്‌നനായെത്തിയ ഹാഷിര്‍ മുഹമ്മദ് കയറി പിടിക്കുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഹാഷിറിനെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹാഷിര്‍ മയക്കുമരുന്ന് ഉയോഗിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
പൊലീസ് അന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ദൈവത്തിന്റെ നിര്‍ദേശപ്രകാരമാണ് യുവതിയെ കയറിപ്പിടിച്ചത്. ഏഴു പാപങ്ങള്‍ ചെയ്യാനുളള ദൈവത്തിന്റെ നിര്‍ദേശം പിന്തുടരുക മാത്രമാണ് ചെയ്തതെന്നും ഹാഷിര്‍ മുഹമ്മദ് പൊലീസിനോട് പറഞ്ഞിരുന്നു.
അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് ഹാഷിര്‍ മുഹമ്മദ് മലയാള ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. അഞ്ചു വ്യത്യസ്ത കഥകള്‍ കോര്‍ത്തിണക്കിയ ചിത്രമായിരുന്നു ഇത്. ഇതിലെ ആമി എന്ന ചിത്രത്തിന്റെ തിരക്കഥയായിരുന്നു ഹാഷിര്‍ മുഹമ്മദിന്റേത്. ഫഹദ് ഫാസിലായിരുന്നു കേന്ദ്ര കഥാപാത്രമായെത്തിയത്.
ആമിക്കുശേഷം ഹാഷിര്‍ മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രം കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാള്‍, നാഗാലന്‍ഡ്, സിക്കിം എന്നീ ഏഴു ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയുള്ള ഒരു റോഡ് മൂവിയായിരുന്നു. വ്യത്യസ്ത അവതരണ ശൈലി കൊണ്ട് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല